പെരുന്തേനരുവി: സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യത്തില്‍ വന്‍കിട ജല വൈദ്യുത പദ്ധതികള്‍ക്ക് സാധ്യത കുറവായതിനാല്‍ ചെറുകിട പദ്ധതികളെ കൂടുതലായി പ്രോത്സാഹിപ്പിക്കുമെന്ന് വൈദ്യുത മന്ത്രി എം.എം മണി പറഞ്ഞു. പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തിനു മുന്നോടിയായി പവര്‍ഹൗസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വന്‍കിട പദ്ധതികള്‍ ഇനി കേരളത്തില്‍ പ്രയാസമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് നിര്‍മാണം മുടങ്ങിക്കിടന്നതടക്കമുള്ള ചെറുകിട പദ്ധതികള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി 21 പദ്ധതികള്‍ നിര്‍മ്മാണത്തിലാണ്.പെരുന്തേനരുവി വൈദ്യുത പദ്ധതിക്കു താഴെയായി മറ്റൊരു ചെറുകിട പദ്ധതി നടപ്പാക്കുന്നതു പരിഗണനയിലുണ്ട്.
ജലവൈദ്യുത പദ്ധതി മൂലം പെരുന്തേനരുവി വെള്ളച്ചാട്ടത്തിലെ ഒഴുക്ക് കുറയാതിരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് പഠിച്ചുവരികയാണ്. ബദല്‍ ക്രമീകരണങ്ങള്‍ ഉണ്ടാകും. പവര്‍കട്ടിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഇടുക്കി ഡാമില്‍ 60 ശതമാനം ജല ലഭ്യത ഇപ്പോഴുണ്ട്. തുലാവര്‍ഷത്തോടെ ഇത് നൂറു ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആതിരപ്പള്ളി പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഈ പദ്ധതിക്ക് ലഭിച്ചിട്ടുള്ളതാണ്. ഇനി നിര്‍മ്മാണം തുടങ്ങിയാല്‍ മാത്രം മതി. സമവായമുണ്ടായാല്‍ ഉടന്‍ നിര്‍മാണം തുടങ്ങാം. കൂടംകുളം വൈദ്യുതി ലൈന്‍ പരമാവധി ജനവാസ മേഖല ഒഴിവാക്കി വലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഏതു പദ്ധതിയായാലും എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. ഇതു കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
രാജു ഏബ്രഹാം എംഎല്‍എ, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, കെഎസ്ഇബി ഡയറക്ടര്‍മാരായ എസ്. രാജീവ്, എന്‍. വേണുഗോപാല്‍, ചീഫ് എന്‍ജിനിയര്‍ വിപിന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: