പെരുന്തേനരുവി: ജില്ലയിലെ ഏഴാമത്തെ ജലവൈദ്യുത പദ്ധതിയായ പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതി പ്രവര്‍ത്തന സജ്ജമായി.23ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി നാടിന് സമര്‍പ്പിക്കും.ഇതിനൊപ്പം പെരുന്തേനരുവി ഡാം ടോപ് ബ്രിഡ്ജിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
ആറ് മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്.കഴിഞ്ഞ മൂന്നരമാസം കൊണ്ട് ഒന്‍പത് മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.പ്രതിദിനംശരാശരി 1,440,000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.25.77 ദശലക്ഷം യൂണിറ്റ് വൈദ്യതിയാണ്വാര്ഷിക ഉത്പാദനം.
ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി 33 കിലോവാട്ടായി പരിവര്‍ത്തനം ചെയ്ത് റാന്നി 110 കെവി സബ്ബ് സ്റ്റേഷനില്‍ എത്തിച്ച് വിതരണം ചെയ്യുന്നു.
2011ലാണ് പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചത്.36 കോടി രൂപ സിവില്‍ ജോലികള്‍ക്കും 13 കോടി രൂപ ഇലക്ട്രിക്കല്‍ ജോലികള്‍ക്കുമായി ചെലവഴിച്ചു.
പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് മുകളില്‍ അഞ്ഞൂറോളം മീറ്റര്‍ ദൂരത്തിലാണ് പദ്ധതിയുടെ തടയണ നിര്‍മ്മിച്ചിരിക്കുന്നത്.നാറാണംമൂഴി വെച്ചൂച്ചിറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് തടയണയും പാലവും നിര്‍മ്മിച്ചിരിക്കുന്നത്.ഇത് ഉദ്ഘാടനം ചെയ്യുന്നതോടെ കുരുമ്പന്‍മൂഴി നിവാസികള്‍ക്ക് നാറാണംമൂഴി പഞ്ചായത്ത് ആസ്ഥാനത്തേക്ക് കുറഞ്ഞ ദൂരത്തിലെത്തിച്ചേരാനുമാകും.
ചെറിയ വാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന വിധത്തിലാണ് തടയണയും പാലവും നിര്‍മ്മിച്ചിരിക്കുന്നത്.പൗവ്വര്ഹൗസ് വെള്ളച്ചാട്ടത്തിന് സമീപവുമായിട്ടാണ്.തടയണയില്‍ സംഭരിക്കുന്ന വെള്ളം കനാലിലൂടെ ഫോര്‍ബെ ടാങ്കിലെത്തിക്കുന്നു.
475 മീറ്റര്‍ നീളമുള്ള കനാലും 22 മീറ്റര്‍ വ്യാസമുള്ള ഫോര്‍ബെ ടാങ്കുമാണുള്ളത്.ടാങ്കില്‍ നിന്ന് 12 മീറ്റര്‍ നീളമുള്ള രണ്ട് പെന്‍ സ്റ്റോക്ക് പൈപ്പുകള്‍ വഴി വെള്ളം പൗവ്വര്‍ ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ പരീക്ഷണാര്‍ഥം യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.പൗവ്വര്‍ ഹൗസിനടുത്ത് പുതിയ 33കെവി സബ്ബ് സ്റ്റേഷന്റെ നിര്‍മ്മാണം നടന്നു വരുന്നുണ്ട്.ഇത് പൂര്‍ത്തിയായാല്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇവിടെത്തന്നെ ശേഖരിച്ച് പ്രാദേശികമായി വിതരണം ചെയ്യുകയാണ് ലക്ഷ്യം.
പെരുന്തേനരുവി ടൂറിസം പദ്ധതിയും ജലവൈദ്യുത പദ്ധതിയും കൂട്ടിയിണക്കി ഹൈഡല്‍ ടൂറിസം പദ്ധതിയും ആലോചനയിലുണ്ട്.
പെരുന്തേനരുവി പവര്‍ഹൗസ് പരിസരത്ത് 23ന്നടക്കുന്ന സമ്മേളനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, രാജു ഏബ്രഹാം എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്. ഗിരിജ, കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.കെ. ഇളങ്കോവന്, തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: