അഞ്ച് വർഷം തടവിൽ കഴിയുമ്പോഴും ജോഷുവാ ബോയ്‌ലെയ്‌ക്കും ഭാര്യ കെയ്റ്റ്മാൻ കോൾമാനും ഒരു വിശ്വാസമുണ്ടായിരുന്നു തങ്ങൾ ഒരു ദിവസം ഇരുട്ടിന്റെ അറകളിൽ നിന്നും വെളിച്ചത്തിലേക്ക് നടന്നു നീങ്ങുമെന്ന്. കഥയല്ല ഇത് മറിച്ച് ജീവിതത്തിന്റെ ഏറ്റവും സ്വപ്നതുല്യമായ നിമിഷങ്ങൾ താലിബാൻ ഭികരരുടെ കറുത്ത കരങ്ങളാൽ നഷ്ടപ്പെട്ട ദമ്പതികളുടെ ജീവിതത്തിന്റെ ഒരു ചുരുക്കം മാത്രമാണ്.
അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ജോഷുവ ഭാര്യ കെയ്റ്റ്മാനെയും താലിബാൻ ഭീകരർ തട്ടിക്കൊണ്ട് പോയത്. കാനഡക്കാരനായ ഭർത്താവും അമേരിക്കകാരിയായ ഭാര്യയും. സാധാരണ പാശ്ചാത്യ ലോകത്തോട് പ്രത്യേകിച്ച് അമേരിക്കയൊടുള്ള വെറുപ്പിന്റെ അങ്ങേയറ്റത്തിന് ഇവരെ വധിക്കേണ്ടതിനു പകരം ഭീകരർ ഇവർക്ക് നൽകിയ ശിക്ഷ തടവായിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഗ്രാമങ്ങളിലെ ഇരുളടഞ്ഞ കെട്ടിടങ്ങൾക്കുള്ളിൽ ജോഷുവയും കെയ്റ്റ്മനും കഴിഞ്ഞ് കൂടിയത് നീണ്ട അഞ്ച് വർഷം. 2012 ഒക്ടോബർ തൊട്ട് 2017 ഒക്ടോബർവരെ. യാത്രകളെ ഏറെ സ്നേഹിച്ചിരുന്ന ഈ ദമ്പതികൾ മധ്യേഷ്യൻ സഞ്ചാരത്തിനായിട്ടിറങ്ങിത്തിരിക്കുമ്പോൾ ഇത്തരത്തിലൊരു കൊടും നരകയാതന പ്രതീക്ഷിച്ചിരുന്നില്ല.
താലിബാന്റെ ഹഖ്വാനി വിഭാഗം ഇവരെ പിടികൂടുമ്പോൾ കെയ്റ്റ്മാൻ അഞ്ച് മാസം ഗർഭിണിയായിരുന്നു. തുടർന്ന് കെയ്റ്റമാനും തടങ്കലിൽ വച്ച് ആദ്യ പെൺകുഞ്ഞിന് ജന്മം നൽകി. കഠിനം നിറഞ്ഞ ദിനങ്ങളായിരുന്നു പിന്നീട് ഇരുവരെയും കാത്തിരുന്നത്. താലിബാന്റെ വിവിധ ഗ്രാമങ്ങളിൽ ഇരുവരെയും ഭീകരർ മാറ്റി താമസിപ്പിച്ചു. ഇതിനിടയിൽ ദമ്പതികൾക്ക് മറ്റ് രണ്ട് കുട്ടികൾ കൂടി പിറന്നു. ഭീകരർ 2016ൽ ഇവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ സന്ദേശം ഇതിനിടയിൽ ജോഷുവയുടെ മാതാപിതാക്കൾക്ക് അയച്ചു കൊടുക്കയും ചെയ്തിരുന്നു.
ഇവർ ജന്മം നൽകിയ മൂന്ന് കുട്ടികളും അഞ്ച് വർഷത്തോളം സ്വാതന്ത്ര്യത്തിന്റെ ഉന്മേഷം എന്തെന്ന് അറിഞ്ഞിട്ടില്ല. കളിക്കോപ്പുകൾക്ക് പകരം ഭീകരരുടെ പക്കലുള്ള തോക്കുകളും കഠാരകളുമാണ് ഇവർ കണ്ട് വളർന്നത്. എന്നാൽ ഈ ദുരിതങ്ങളിൽ നിന്നുമെല്ലാം ഇവർക്ക് മോചനം ലഭിച്ചു. അഫ്ഗാനിസ്ഥാനിലെ തടങ്കലിൽ നിന്നും പാക്കിസ്ഥാന്റെ അതിർത്തിയിലുള്ള മറ്റൊരു സങ്കേതത്തിലേക്ക് കൊണ്ടു പോകുന്ന വിവരം യുഎസ് ഇന്റലിജൻസ് ഏജൻസികൾ പാക്കിസ്ഥാൻ സ്പെഷ്യൽ കമാൻഡോകൾക്ക് കൈമാറുകയായിരുന്നു. തുടർന്ന് പാക്കിസ്ഥാൻ കമാൻഡോകൾ ഇവരെ തട്ടിക്കൊണ്ട് പോകുകയായിരുന്ന അഞ്ച് ഭീകരരെ വകവരുത്തി സ്വതന്ത്രരാക്കുകയാണുണ്ടായത്.
തിരികെ കാനഡയിലെ ടൊറന്റോയിലുള്ള തന്റെ വസതിയിൽ എത്തിയപ്പോൾ ജോഷുവയും ഭാര്യക്കും സങ്കടത്തിന്റെ തീരാവേദനകളാണ് മാധ്യപ്രവർത്തകരോട് പങ്കുവയ്‌ക്കേണ്ടി വന്നത്. എന്നാൽ തന്റെ മൂന്ന് പിഞ്ചോമനകൾക്ക് സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാനായല്ലോ എന്ന സത്യം ഇവർക്ക് വേദനകൾ മറക്കാനുള്ള മറുമരുന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: