കോട്ടയം: പുരുഷ പീഡനത്തിനെതിരെ നിയമനിര്‍മ്മാണം വേണമെന്നാണ് ഇപ്പോള്‍ യൂത്ത് ഫ്രണ്ട് നേതാക്കളുടെ ആവശ്യം. വൈകി വന്ന വിവേകമാണെങ്കിലും ഇതിനായി സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍തന്നെ പത്രക്കുറിപ്പും ഇറക്കി.
വ്യാജപീഡന ആരോപണത്തിന്റെ പേരില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മാന്യന്മാരെ കുറ്റക്കാരാക്കിയെന്നാണ് സജിയുടെ ആക്ഷേപം. ആരോപണം വ്യാജമെന്ന് വ്യാഖ്യാനിക്കാന്‍ ഉമ്മന്‍ചാണ്ടിയെയാണ് പ്രസ്താവനയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. അദ്ദേഹം പിതൃതുല്ല്യനാണെന്ന് സരിത പണ്ട് പറഞ്ഞിരുന്നുവെന്നാണ് സജിയുടെ കണ്ടെത്തല്‍.
കേരള കോണ്‍ഗ്രസ്സ് നേതാവായ ജോസ് കെ മാണിയും കുറ്റക്കാരനെന്ന് കമ്മീഷന്‍ കണ്ടെത്തിട്ടും യൂത്തന്മാര്‍ക്ക് സ്‌നേഹം ഉമ്മന്‍ചാണ്ടിയോട് തന്നെ. ജോസ് കെ മാണിയുടെ പേരില്‍ പ്രസ്താവന ഇറക്കിയാല്‍ ജനം അത് വിശ്വാസത്തിലെടുക്കില്ല എന്ന തോന്നലാവാം ഇപ്പോള്‍ യുഡിഎഫില്‍ ഇല്ലെങ്കിലും ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി പ്രസ്താവന ഇറക്കാന്‍ പ്രേരണയായത്.
ജോസ് കെ മാണിയും യുഡിഎഫ് നേതാക്കളും ഒരുകാലത്ത് കൈവെള്ളയില്‍ കൊണ്ടുനടന്ന സോളാര്‍ കേസ്സിലെ പ്രതിയായ സ്ത്രീ അസന്മാര്‍ഗിയാണെന്നും സജി കുറ്റപ്പെടുത്തുന്നു. അസാന്മാര്‍ഗികളുടെ ആരോപണത്തില്‍ അന്വേഷണം നടത്താതെ മാധ്യമങ്ങളും പോലീസും മാന്യന്മാരെ വേട്ടയാടുകയാണെന്നും അദ്ദേഹത്തിന് ആക്ഷേപമുണ്ട്. കെ.എം. മാണി അടക്കമുള്ള യുഡിഎഫ് സര്‍ക്കാറാണ് ഈ കമ്മീഷനെ നിശ്ചയിച്ചതെന്ന കാര്യം സജി ബോധപൂര്‍വ്വം വിസ്മരിച്ചതാവും. എന്തായാലും ഇങ്ങനെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന അസാന്മാര്‍ഗികള്‍ക്കെതിരെ പുരുഷപീഡന നിയമം നിര്‍മ്മിച്ച് കേസ്സെടുക്കണമെന്ന് ആവശ്യപ്പെടുന്ന യൂത്ത്ഫ്രണ്ട് പ്രസിഡന്റ് യഥാര്‍ത്ഥ സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
















