കണ്ണൂര്‍: ഈ വര്‍ഷം ഡിസംബറോടെ ഷൊര്‍ണ്ണൂര്‍ മംഗലാപുരം റൂട്ടില്‍ പൂര്‍ണ്ണമായും വൈദ്യുതി എഞ്ചിനുള്ള ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് ഡിആര്‍എം നരേഷ് ലാല്‍വാനി. പാത വൈദ്യുതീകരണം ഏറെക്കുറെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിലവില്‍ അഞ്ച് ട്രെയിനുകള്‍ വൈദ്യുതി എഞ്ചിനുപയോഗിച്ചാണ് ഓടുന്നത്. ഉപ്പള സബ്‌സ്റ്റേഷന്റെ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം സാധ്യമാകും. മെമു സര്‍വ്വീസുകള്‍ മലാബാറിലേക്ക് നീട്ടുന്നത് പരിഗണനയിലുണ്ട്. ഇപ്പോള്‍ നാല് ബോഗികളുള്ള ട്രെയിനുകളാണ് ഓടുന്നത്. ഇത് എട്ട് ബോഗികളാക്കി മാറ്റാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നതിനു പകരം ഇപ്പോഴുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മാറ്റി മെമു സര്‍വ്വീസ് ആരംഭിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആവശ്യമായ ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന പ്രവൃത്തികള്‍ ലാല്‍വാനി വിലയിരുത്തി.
അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനിയര്‍ ഷബിന്‍ ആസഫ്, അസിസ്റ്റന്റ് ഡിവിഷണല്‍ കമേഴ്‌സ്യല്‍ മാനേജര്‍ സി.പിള്ളൈക്കനി, ചീഫ് കമേഴ്‌സ്യല്‍ ഇന്‍സ്‌പെക്റ്റര്‍ ജയകൃഷ്ണന്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനജര്‍ (കമേഷ്യല്‍) ടി.വി.സുരേഷകുമാര്‍, സ്റ്റേഷന്‍ മാനേജര്‍ എം.ശ്രീനിവാസന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
















