മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴഡാമിലെ ചെളിനീക്കംചെയ്യുമെന്ന് പറഞ്ഞതിനു പിന്നില്‍ ഡാമിന്റെ ചോര്‍ച്ച മറക്കാനാണെന്ന ആരോപണം ശക്തം.
കോടികള്‍ ചിലവിട്ട് ഡാമിന്റെ ചോര്‍ച്ച അടക്കുന്ന ഗ്രൗട്ടിങ് ജോലി നടക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ചഫലം കാണുന്നില്ലെന്നതാണ് സത്യം.സപ്തംബര്‍ 20ന് നടന്ന ഉദ്യോഗസ്ഥരുടെയും മന്ത്രമാരുടെയും യോഗത്തിലാണ് കാഞ്ഞിരപ്പുഴ ഡാമിലെ ചെളി നീക്കംചെയ്യുമെന്ന തീരുമാനം ഉണ്ടായത്.
പത്ത്വര്ഷം മുമ്പ് എല്‍ഡിഎഫ് ഭരണകാലത്ത് ഡാമിലെ ചെളിനീക്കം ചെയ്യാന്‍ അന്നത്തെ വകുപ്പ്മന്ത്രി ഉത്തരവിട്ടെങ്കിലും അത് വെളിച്ചം കണ്ടില്ലെന്ന് കാഞ്ഞിരപ്പുഴ പൗരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.
ഡാമിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ലോകബാങ്കിന്റെ സഹായത്തോട് കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 12.5 കോടി രൂപ വേണ്ട രീതിയില്‍ വിനിയോഗിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.മാര്‍ച്ച് മാസമാണ് കാഞ്ഞിരപ്പുഴ ഡാം അറ്റകുറ്റ പണികള്‍ക്കായി തുറന്ന വിട്ടത്.
40 ശതമാനത്തോളം ഗ്രൗട്ടിങ് പണി പൂര്‍ത്തിയായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും ചേര്‍ച്ചക്ക് ഇനിയും പരിഹാരമായിട്ടില്ല.ഈ വര്‍ഷം ഗ്രൗട്ടിങ് പണികള്‍ ഭാഗികമായി തീര്‍ത്ത് അടുത്ത വര്‍ഷം പണി പൂര്‍ത്തികരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനിടെ ഡാമിന്റെഅറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് പരിശോധനയും അന്വേഷണം നടത്തിയിരുന്നു.
കേരളത്തില്‍ നിത്യഹരിത വനങ്ങളും മഴക്കാടുകളും നിറഞ്ഞ ഏക ഡാമാണ് കാഞ്ഞിരപ്പുഴ.എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ സ്ഥാപിതതാല്പര്യങ്ങളും അഴിമതിയും ഡാമിന്റെ നാശത്തിന് തന്നെ കാരണമാകുന്നു.കഴിഞ്ഞമാസം ഡാം സേഫ്റ്റി അതോറിറ്റി ചെയര്മാന് റിട്ട.ജസ്റ്റിസ് രാമചന്ദ്രന് നായര്‍ ഡാം സന്ദര്‍ശിച്ചിരുന്നു.ഡാമിന്റെ ചോര്‍ച്ച പൂര്‍ണ്ണമായും അടച്ചില്ലെങ്കില്‍ കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കാഞ്ഞിരപ്പുഴ ഡാമിന്റെ അറ്റകുറ്റപ്പണിയില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് വകുപ്പ് മന്ത്രിക്കും,വിജിലന്‍സിനും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും വാര്‍ഡ് മെമ്പര്പരാതി നല്‍കിയിട്ടുണ്ട്.ചോര്‍ച്ചക്ക് കാരണം ഡാമിനകത്തെ കിണറാണെന്ന് കാണിച്ച് കിണര്‍ മൂടിയതും ചില ഉദ്യോഗസ്ഥരുടെ സ്ഥാപിത താല്പര്യമാണെന്ന് പൗരസമിതി പ്രവര്‍ത്തകരായ ടി.റഫീക്ക്,ഷൗക്കത്ത്,നിസാര്‍,രവി അടിയത്ത് എന്നിവര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: