വേങ്ങര: ചരിത്രത്തിലെ റെക്കോര്‍ഡ് പോളിംങ് ശതമാനത്തിലേക്ക് വേങ്ങരയെത്തിയത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.
കുഞ്ഞാലിക്കുട്ടിയേക്കാള്‍ ഭൂരിപക്ഷം കിട്ടുമെന്ന് ലീഗും അട്ടിമറി വിജയമുണ്ടാകുമെന്ന് സിപിഎമ്മും അത്ഭുതങ്ങള്‍ നടക്കുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. 2011ല്‍ മണ്ഡലം നിലവില്‍ വന്നത് മുതലുള്ള നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ഇത്തവണത്തേതാണ് ഏറ്റവും ഉയര്‍ന്ന പോളിംങ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ആറാമത്തെ തെരഞ്ഞെടുപ്പിലാണ് ഈ റെക്കോര്‍ഡ് പോളിങ്. പോളിങ് ഉയര്‍ന്നത് നേട്ടമാകുമെന്നു യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. കൂടുതലായി പോള്‍ ചെയ്യപ്പെട്ട വോട്ടുകള്‍ ഭൂരിപക്ഷം കൂട്ടുമെന്നാണു നേതാക്കളുടെ പക്ഷം. സ്ഥിരം വോട്ടുകള്‍ക്കു പുറമേ, കൂടുതലായി വന്ന വോട്ടുകള്‍ ഇടതിനെ തുണയ്ക്കുമെന്നാണു സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മുസ്ലീം ലീഗിനുള്ളിലെ ആഭ്യന്തര പ്രശ്നം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമോയെന്ന ആശങ്ക ഒരു വിഭാഗത്തിനുണ്ട്. കുഞ്ഞാലിക്കുട്ടിയെ പോലെയല്ല കെ.എന്‍.എ.ഖാദര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നിരവധി ശത്രുക്കളുണ്ട്. അവസാന നിമിഷം വരെ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വം മുടക്കാന്‍ മുന്നില്‍ നിന്നയാളാണ് കുഞ്ഞാലിക്കുട്ടി. കെ.എന്‍.എ.ഖാദറിന് ഭൂരിപക്ഷം എത്രത്തോളം കൂടുന്നോ അത്രയും ക്ഷീണം അനുഭവിക്കുന്നത് കുഞ്ഞാലിക്കുട്ടിയായിരിക്കും. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയുടെ അണികളാണ് കൂടുതല്‍. പക്ഷേ നിലവിലെ സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിയെ വഞ്ചിക്കാന്‍ ഇവര്‍ തയ്യാറാകില്ലെന്ന വിശ്വാസത്തിലാണ് ഖാദറും കൂട്ടരും.
പോളിംങ് നടക്കുന്നതിനിടെ സോളാര്‍ റിപ്പോര്‍ട്ട് വന്നെങ്കിലും മുസ്ലീം ലീഗിനെ ഒരുതരത്തിലും അത് ബാധിക്കില്ലെന്നുള്ളതാണ് ജില്ലയിലെ സിപിഎമ്മിനെ നിരാശരാക്കുന്നത്. ഇരുമുന്നണികളുടെയും കള്ളപ്രചാരണങ്ങള്ക്കിടയിലും വോട്ടുനില വന്‍തോതില്‍ മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: