മണ്ണാര്‍ക്കാട്:ജനവാസ കേന്ദ്രത്തില്‍ ടാര്‍മിക്സിംഗ് പ്ലാന്റ് നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം.തെങ്കര കാഞ്ഞിരവള്ളി മാവിന് തോട്ടത്തിലാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ടാര്‍ മിക്സിംഗ് പ്ലാന്റ് നിര്‍മ്മിക്കുന്നത്.
റോഡ്,പാലം പണികള്‍ക്കാവശ്യമായ ടാറാണ് ഇവിടെ നിന്ന് നല്‍കുക.എന്നാല്‍ പ്ലാന്റിനെതിരെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയെന്നും ഇത് വെറും പ്രഹസനമാണെന്നും നാട്ടുകാര്‍ പറയുന്നു.
ഗവ.ഹൈസ്കൂള്‍,ആയുര്‍വേദ ആശുപത്രി,ഗ്രാമ പഞ്ചായത്ത് എന്നിവ സ്ഥിതി ചെയ്യുന്ന ജനവാസകേന്ദ്രത്തില്‍ പ്ലാന്റിന്റെ നിര്‍മ്മാണം അനുവദിക്കില്ലെന്ന് തെങ്കര ജനകീയ സംരക്ഷസമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്ലാന്റില്‍ നിന്നുള്ള പുക കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഭാരവാഹികള്‍ ആരോപിച്ചു.
വികസനത്തിന് എതിരല്ലെന്നും എന്നാല്‍ മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഹാനികരമാകുന്നതിന് കൂട്ടു നില്‍ക്കില്ലെന്നും ഇവര്‍ പറഞ്ഞു.
പ്ലാന്റ് മാറ്റണമെന്നാവശ്യപ്പെട്ട് തെങ്കര സെന്റെറില്‍ നിന്നും ഇന്ന് രാവിലെ 9.30ന് മാര്‍ച്ച് നടത്തുമെന്നും സമിതി പ്രസിഡന്റ് ടി.എസ് പ്രസാദ്,ജോസ് മണിമല,രാധാകൃഷ്ണന്,കൃഷ്ണപ്രസാദ്,സുകുമാരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: