ഒറ്റപ്പാലം:വിവിധ കാരണങ്ങളാല്‍ കര്‍ഷകര്‍ കൃഷിഭൂമി തരിശിടുമ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമാകുകയാണ് ഒറ്റപ്പാലം ബ്ലോക്ക്.ബ്ലോക്ക് പരിധിയില്‍ തരിശിട്ടിരിക്കുന്ന നെല്‍പ്പാടങ്ങള്‍ കണ്ടെത്തി കൃഷിതുടങ്ങാനിരിക്കുകയാണ് അധികൃതര്‍.
ഒറ്റപ്പാലം ബ്ലോക്കിനു കീഴില്‍ 10 കൃഷിഭവനുകള്‍ മുഖേന ഇത്തവണ ഒന്നാംവിള നെല്‍കൃഷി വിളഞ്ഞത് 1759 ഹെക്ടര്‍ സ്ഥലത്താണ്.കഴിഞ്ഞവര്‍ഷമിത് 1059 ഹെക്ടര്‍മാത്രമാണ്. അതായത് 700 ഹെക്ടര്‍ സ്ഥലത്ത് അധികമായി കൃഷിനടത്തി വിജയം കൊയ്തിരിക്കുകയാണ്. ഒന്നാംവിള കൊയ്ത്ത് പൂര്‍ണമായി അവസാനിക്കുന്നതോടെ കണക്കില്‍ വര്‍ധനവുണ്ടാവും.കഴിഞ്ഞവര്‍ഷം 10 ഹെക്ടറില്‍ മാത്രം കൃഷിയിറക്കിയിരുന്ന വല്ലപ്പുഴയില്‍ 120 ഹെക്ടര്‍സ്ഥലത്തേക്ക് ഒന്നാംവിള വ്യാപിപ്പിച്ചു.വാണിയംകുളത്ത് 20 ഹെക്ടര്‍ സ്ഥലത്തുണ്ടായിരുന്ന കൃഷി ഇത്തവണ 120 ഹെക്ടറായി ഉയര്‍ന്നതും എടുത്തു പറയേണ്ടതാണ്.
ഒറ്റപ്പാലം ബ്ലോക്ക് പരിധിയിലുള്ള അമ്പലപ്പാറയില്‍ 405ഹെക്ടറും,ലക്കിടി-പേരൂര്‍ ഗ്രാമപഞ്ചായത്തില്‍ 342ഹെക്ടറും,ഒറ്റപ്പാലത്ത് 250 ഹെക്ടര്‍ സ്ഥലത്തുമാണ് നെല്‍കൃഷിയിറക്കിയിരിക്കുന്നത്.
രണ്ടാംവിളക്ക് 2500 ഹെക്ടര്‍ സ്ഥലത്ത് കൃഷിയിറക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതരും കര്‍ഷകരും. ഇതിനായി 1790 കിലോ വിത്താണ് നല്‍കിയിരിക്കുന്നത്.എന്നാല്‍ കാലംതെറ്റി പെയ്ത മഴയില്‍ ലക്കിടി-ഒറ്റപ്പാലം,ചളവറ, അനങ്ങനടി എന്നിവിടങ്ങളിലായി രണ്ടുകോടിരൂപയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്.അതേസമയം തരിശുകിടക്കുന്ന ഭൂമിയില്‍ വിളവിറക്കാന്‍ കര്‍ഷകര്‍ തയ്യാറായാല്‍ ഒരു ഹെക്ടറിനു മുപ്പതിനായിരം രൂപാവീതം കൃഷി വകുപ്പ് നല്‍കുന്നതാണ്.ചെറുകിട കര്‍ഷകരും പാടശേഖര സമിതിയും തരിശുഭൂമി ഏറ്റെടുത്ത് വിളവിറക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 45 ഹെക്ടര്‍ തരിശുഭൂമി കൂടികര്ഷകര് ഏറ്റെടുത്ത് വിളവിറക്കി.കൂടാതെ 10 ഹെക്ടര്‍ കരഭൂമിയിലും നെല്‍കൃഷി ചെയ്തു.
ജ്യോതി ,ഉമ എന്നീ ഇനത്തില്‍പ്പെട്ട വിത്തുകളാണു കൂടുതലായും ഉപയോഗിക്കുന്നത്.കര്‍ഷകര്‍ക്കുള്ള ഉഴവുകൂലി നഗരസഭ, പഞ്ചായത്ത്, കൃഷി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്.ഒരു ഹെക്ടറിനു 17000 രൂപ ലഭിക്കും.
ജില്ലാ പഞ്ചായത്ത് 5000 രൂപ, ബ്ലോക്ക് പഞ്ചായത്ത് 3500 രൂപ, ഗ്രാമപഞ്ചായത്ത് 8500 രൂപ എന്നീക്രമത്തിലാണു കര്‍ഷകര്‍ക്കു തുക ലഭിക്കുക.
കൂടാതെ ഉല്പാദന ബോണസ് കൃഷിഭവനില്‍ നിന്നും ലഭ്യമാകും. തരിശുഭൂമിയില്‍ വിളവിറക്കുന്ന കര്‍ഷകര്‍ക്കു സര്‍ക്കാര്‍ തലത്തില്‍ വിവിധ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: