ഏഴംകുളം: നെടുമണ്ണില്‍ വീടുകളില്‍ യുവാക്കള്‍ കയറി അക്രമം നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ചില യുവാക്കളുടെ ഒത്താശയോടെയാണ് ഇവിടങ്ങളില്‍ വീടുകള്‍ കയറി അക്രമം നടത്തുന്നത്.
ഇതു കാരണം നെടുമണ്‍ ഭാഗങ്ങളില്‍ നാട്ടുകാര്‍ ഭീതിയോടെയാണ് കഴിയുന്നത്. കഴിഞ്ഞ രാത്രിയാണ് നെടുമണ്‍ മുണ്ടുതോണ്ടിലില് പ്രഭാകരന് പിള്ളയുടെ വീട്ടിലും മകന് സുഭാഷിന്റെ മുണ്ടുതോണ്ടലില് ശ്രീലകം വീട്ടിലും അതിക്രമിച്ചു കയറി അക്രമം നടത്തിയത്.
രണ്ട് വീടുകളിലെ ജനല്‍ ഗ്ലാസുകളും കസേരകളും സ്വിച്ച് ബോര്‍ഡുകളും തൊട്ടടുത്ത വീട്ടിലെ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം തകര്‍ത്തതായാണ് പരാതി. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘം അക്രമം നടത്തിയപ്പോള്‍ വീടുകളില്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
അക്രമ സംഘത്തിനെതിരെ വീട്ടുകാര്‍ വനിത കമീഷന് പരാതി നല്കി. നെടുമണ്‍ ഭാഗങ്ങളില്‍ വീടുകള്‍ കയറിയുള്ള മാഫിയ സംഘങ്ങളുടെ അക്രമത്തില്‍ ബിജെപി ഏഴംകുളം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. പ്രതിഷേധയോഗം ഏഴംകുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അരുണ്‍ താന്നിക്കല്‍ ഉദ്ഘാടനം ചെയ്തു. പി. രാജന് അധ്യക്ഷനായിരുന്നു. ഗോപാലകൃഷ്ണപിള്ള, ഏഴംകുളം പഞ്ചായത്ത് അംഗം ശ്രീജ, മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: