നിറങ്ങളാണ് വസ്ത്ര ലോകത്തെ യഥാര്‍ത്ഥ താരം. എന്നാല്‍ നിറങ്ങളെ ഭാവനയോടെ, സ്വപ്നങ്ങള്‍ ഇഴചേര്‍ക്കുന്നതുപോലെ ഓരോ നൂലിലേക്കും സൂക്ഷ്മമായി ആവാഹിക്കുമ്പോഴേ ഫാഷന്റെ ലോകത്ത് ഓരോ വസ്ത്രവും ചര്ച്ചയാവൂ. പ്രത്യേകിച്ചും വിവാഹ വസ്ത്രങ്ങളുടെ കാര്യത്തില്‍. അവിടെ വധുവിന്റെ വസ്ത്രങ്ങള്‍ക്കാണ് പ്രാമുഖ്യം കൂടുതല്‍. ഓരോ പെണ്‍കൊടിയും ഏറ്റവും സുന്ദരിയായിരിക്കാന്‍ ആഗ്രഹിക്കുന്ന വിവാഹനാളില്‍ അവളുടെ മനസ്സ് തൊട്ടറിഞ്ഞെന്നപോലെ കാഞ്ചീപുരം പട്ടില്‍ വിസ്മയം തീര്‍ത്തിരിക്കുകയാണ് ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന്. ഈ ഡിസൈനര്‍ സാരികള്‍ കണ്ടാല്‍ ഏത് പെണ്ണും മോഹിച്ചുപോകും നവവധുവാകാന്‍.
കൊച്ചി എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടന്ന ബീന കണ്ണന് ബ്രൈഡല്‍ ഷോയില്‍ അവതരിപ്പിച്ച ഡിസൈനര്‍ സാരികളും ഗൗണുകളും ലെഹംഗകളും മനം കവരും. ബോളിവുഡ് താരം രാധിക ആപ്തെ, മംമ്ത മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം ബീന കണ്ണനും ഫാഷന്‍ റൗണ്ടുകള്‍ക്ക് നേതൃത്വം നല്കി.
ഓഫ് വൈറ്റ് നിറത്തിലുള്ള പട്ടിന്റെ അഴകില്‍, തത്സമയ സംഗീതത്തിനൊപ്പിച്ച് റാമ്പില്‍ ആദ്യം ചുവടുവച്ചെത്തിയത് രാധിക ആപ്തെ. തുടര്‍ന്ന് സൂപ്പര്‍ മോഡലുകള്‍ വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലുമുള്ള കാഞ്ചീപുരം പട്ടുടുത്തെത്തി. ഉത്തരേന്തന്ത്യന് ഡിസൈനുകളായ ജംദാനി, ജാമ്യവാര്, പൈഥാനി എന്നിവയെ കാഞ്ചീപുരം പട്ടില്‍ സമന്വയിപ്പിച്ചാണ് അവതരിപ്പിച്ചത്. പതിനഞ്ചോളം നിറങ്ങള്‍ നെയ്തുചേര്‍ത്ത കാഞ്ചീപുരം സാരികള്‍ പ്രധാന ആകര്‍ഷണമായിരുന്നു.
ഗോള്‍ഡന്‍ നിറത്തില്‍ മജന്തയുടെ മനോഹരമായ സമന്വയമായിരുന്നു റാമ്പില്‍ ആദ്യമെത്തിയപ്പോള്‍ മംമ്ത ധരിച്ച കാഞ്ചീപുരം പട്ടിന്റെ മാറ്റുകൂട്ടിയത്. ഉപഭോക്താക്കളില്‍ നിന്നും തിരഞ്ഞെടുത്ത 20 മോഡലുകളും സാരിയണിഞ്ഞ് റാമ്പിലെത്തി. പട്ടുടയാടകള്‍ കൊണ്ടുമാത്രമല്ല പാട്ടുകള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു ബീന കണ്ണന് ബ്രൈഡല്‍ ഷോ. ചുവന്ന ഗൗണില്‍ പാട്ടിനൊപ്പം അമൃത സുരേഷ് തിളങ്ങി. ഷോ മ്യൂസിക് ഡയറക്ടര്‍ അല്‍ഫോണ്‍സ് ജോസഫ് നയിച്ച ഗാനവിരുന്നും ബ്രൈഡല്‍ കപ്പിള്‍ ടീമുകളുടെ നൃത്തച്ചുവടുകളും ആസ്വാദ്യകരമായി. ജനാര്‍ദ്ദന്‍ അത്രിയുടെ ഗസലുകളോടെയാണ് ഷോ തുടങ്ങിയത്. ദാലു കൃഷ്ണദാസായിരുന്നു ഷോ കൊറിയോഗ്രാഫര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: