ജനരക്ഷാ യാത്രയില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ സിപിഎമ്മിനെ വിറളിപിടിപ്പിക്കുന്നതിന്റെ തെളിവാണ് അവര്‍ തിരക്കിട്ട് ദല്‍ഹിയില്‍ നടത്തിയ മാര്‍ച്ച്.ജിഹാദി-ചുവപ്പ് ഭീകരതയ്ക്കെതിരെ ഇക്കഴിഞ്ഞ മൂന്നിനു തുടങ്ങി 17 ന് അവസാനിക്കുന്ന ബിജെപിയുടെ ജന രക്ഷായാത്ര സംസ്ഥാനത്തുടനീളം പ്രകമ്പനം സൃഷ്ടിച്ചു കടന്നുപോകുമ്പോള്‍ സിപിഎമ്മും ജിഹാദികളും ഒന്നിച്ച് കേരളം കുട്ടിച്ചോറാക്കുന്ന നടുങ്ങുന്ന യാഥാര്‍ഥ്യങ്ങള്‍ കേരളിയരിലേക്ക് ചാട്ടുളിപോലെ കടക്കുകയാണ്.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും രാജ്യദ്രോഹംപോലും ചെയ്യുന്നവരുമായുള്ള കൂട്ടുകെട്ടും കൂടുതല്‍ ചര്‍ച്ചയാവുകയാണ്.കേരളത്തില്‍ അക്രമത്തിന്റെ കണക്കുകള്‍ സര്‍വകാല റെക്കോഡുകള്‍ തകര്‍ത്തു മുന്നേറുന്നു.കഴിഞ്ഞ ആറുമാസംകൊണ്ട് അഞ്ചു ലക്ഷത്തിനടുത്ത കേസുകളാണ് ഉണ്ടായിരിക്കുന്നത്.
പിണറായി ഭരണം പതിമൂന്നു മാസം പിന്നിടുമ്പോള്‍ കേരളത്തിനു കിട്ടുന്ന പാരിതോഷികം!ഇതു ബിജെപി കണ്ടുപിടിച്ച കണക്കല്ല.ക്രൈം റെക്കോഡ്സ് ബ്യൂറോവിന്റേതാണ്.എല്ലാ മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ജനരക്ഷാ യാത്ര നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഈ സത്യം പുറത്തുവന്നിരിക്കുന്നതെന്നു കൂടി മനസിലാക്കണം.
ജനങ്ങള്‍ ഇടതു മുന്നണിയെ അധികാരത്തിലേറ്റിയതിനു പകപോലെ പിണറായി സര്‍ക്കാര്‍ പകരം നല്‍കിയത് കേരളിയന് സമാധാനമില്ലാത്ത ജീവിതം!കൊല്ലും കൊലയും അക്രമവുമായാണോ എല്ലാം ശരിയാക്കുന്നത്!!ആരെങ്കിലുമൊക്ക വിചാരിച്ചുകാണും എന്തെങ്കിലുമൊക്കെ ശരിയാകുമെന്ന്.
പക്ഷേ ഇങ്ങനേയും ശരിയുണ്ടെന്നു കണ്ട് അവര്‍ ഞെട്ടിയിരിക്കാം.ഈ നടുക്കമേ ബിജെപി വിളിച്ചു പറയുന്നുള്ളൂ.അതിനു കേരളത്തെ മോശമാക്കി ചിത്രീകരിക്കുന്നുവെന്നാണ് സിപിഎം പരാതി പറയുന്നത്.കേരളത്തെ സിപിഎമ്മിനു മോശമാക്കാം.അതു ബിജെപിക്കു വിളിച്ചു പറയാന്‍ പാടില്ല. ഇതെന്തു ന്യായം.
സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ദല്‍ഹിയില്‍ പ്രകടനം നടത്തിയത്.ദല്‍ഹിയിലെ സുഖശീതളതയില്‍ വിപ്ളവത്തിന്റെ പൊങ്ങച്ചം വിളിച്ചു പറഞ്ഞ് പാവപ്പെട്ടവന്റെ പട്ടിണി പിന്നെയും വലുതാക്കുന്ന ഈ നേതാക്കളുടെ ശാരീരിക വ്യായാമത്തിനു കൊള്ളാം ഇത്തരം പ്രകടനം എന്നുമാത്രമേ പറയാനുള്ളൂ. കേരളത്തില്‍ നടക്കുന്നത് കേരളീയനു മാത്രമല്ല ഇന്ത്യയ്ക്കു മുഴുവനുമറിയാം.
കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയുണ്ടാക്കി അതൊന്നും കാണാതെ മന്ത്രിമാരെ വിളിച്ചിരുത്തി മാര്‍ക്കിടുന്ന തിരക്കിലാണ് മുഖ്യ മന്ത്രി പിണറായി വിജയന്.ഇതിലും വലിയ കോമഡി കേരളം കണ്ടിട്ടില്ല.എന്തായാലും ഇങ്ങനെയൊന്നു ഉപദേശിച്ചവര്‍ക്ക് നല്ല നമസ്ക്കാരം പറയണം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: