പൂക്കോട്ടുംപാടം: പൊട്ടിക്കല്ലില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയുടെ പണി പൂര്‍ത്തീകരിച്ചില്ലെന്ന് ആക്ഷേപം. രണ്ടരവര്‍ഷം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്നത്.
പാറകല്ലുകള്‍ കൂടുതലുള്ള പൊട്ടിക്കല്ല് പ്രദേശത്ത് കിണറുകളുടെ എണ്ണം വളരെ കുറവാണ്. പുഴവെള്ളത്തെയാണ് മിക്ക കുടുംബങ്ങളും ആശ്രയിക്കുന്നത്. വേനല്‍ കടുക്കുന്നതോടെ പുഴയിലെ ജലം കുറയുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്യും. ഇത് കണക്കിലെടുത്ത് ജില്ലാ പഞ്ചായത്ത് പൊട്ടിക്കല്ലില്‍ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ഒരു ജനകീയ സമിതി രൂപീകരിക്കുകയും ചെയ്തു. ഈ സമിതിയുടെ നേതൃത്വത്തില്‍ ഒരു കരാറുകാരനെ പദ്ധതിയുടെ പ്രവര്‍ത്തനം ഏല്‍പ്പിച്ചു. പദ്ധതി പ്രകാരം 18 അടി താഴ്ചയില്‍ ഒരു കിണര്‍ സ്ഥാപിച്ചതല്ലാതെ തുടര്‍പ്രവര്‍ത്തികള്‍ രണ്ടര വര്‍ഷമായിട്ടും ചെയ്തില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
രണ്ട് എസ്സി, എസ്ടി കുടുംബത്തിന് ഒരു വാട്ടര്‍ കണക്ഷന് നല്കുമ്പോള് ഒരു ജനറല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് ഒരു വാട്ടര്‍ കണക്ഷന് നല്‍കുമെന്നാണ് പ്രാരംഭഘട്ടത്തില്‍ പറഞ്ഞിരുന്നത്. സ്വകാര്യവ്യക്തി കിണര്‍ നിര്‍മ്മാണത്തിന് ഒന്നര സെന്റ് ഭൂമി വിട്ട് നല്‍കുകയും ചെയ്തു. കിണര്‍ സ്ഥാപിച്ചതല്ലാതെ ജലവിതരണ ടാങ്ക്, പൈപ്പ് കണക്ഷനുകള്‍ നല്‍കാനുള്ള പ്ലംബ്ലിങ്ങ് പ്രവര്‍ത്തികള്‍ എന്നിവ ഇതുവരെയും പൂര്‍ത്തീകരിച്ചിട്ടില്ല. കിണര്‍ വൃത്തിയാക്കി ജലം മുക്കി എടുക്കാനുള്ള സംവിധാനം പോലും സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട കമ്മറ്റി ഭാരവാഹികള്‍ക്ക് പോലും പദ്ധതി തുകയോ മറ്റ് വിവരങ്ങളോ ഇപ്പോഴും അറിയില്ല. ആകെ അറിയുന്നത് കരാറുകാരനെ മാത്രം. ഒരു ഗ്രാമത്തിന്റെ ജലക്ഷാമം തീര്‍ക്കേണ്ട പദ്ധതിയാണ് എങ്ങുമെത്താതെ ആരംഭദിശയില്‍ തന്നെ കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: