കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതിയായ സ്വച്ഛ്ഭാരത് പദ്ധതിപ്രകാരം നട്ടാശേരി തോട് ശുചീകരിച്ചു. നന്ത്യാട്ട്-സൂര്യകാലടി-വെട്ടിക്കാട്ടുകുഴി തോടാണ് ആര്‍എസ്എസ്, ബിജെപി, സേവാഭാരതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ശുചീകരിച്ചത്.
ഇൗ സേവനപ്രവര്‍ത്തനത്തിലൂടെ പ്രദേശത്തെ മൂന്ന് വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാനും വെള്ളപ്പൊക്ക ഭീഷണിയെ മറികടക്കുവാനും സാധിക്കും. ഒരുകാലത്ത് വലിയ കെട്ടുവള്ളങ്ങള്‍ വരെ കച്ചവടച്ചരക്കുമായി പോയിരുന്ന തോടാണിതെന്ന് പഴമക്കാര്‍ പറയുന്നു. ഒന്നര കിലോമീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമുള്ളതാണ് ഈ തോട്. ചിലഭാഗത്ത് തോട് കയ്യേറ്റം മൂലം മൂന്ന് മീറ്റര്‍വരെ വീതി കുറഞ്ഞിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും ഉപയോഗശൂന്യമായ ബള്‍ബുകളും എല്ലാം ഈ തോട്ടിലാണ് സാമൂഹ്യവിരുദ്ധര്‍ നിക്ഷേപിച്ചിരിക്കുന്നത്. കക്കൂസ് മാലിന്യം തള്ളിയതായും പറയപ്പെടുന്നു. തോട്ടില്‍ നിന്നും വാരിയ മാലിന്യം കരയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. തോട് ഒഴുകിത്തുടങ്ങിയതോടെ തരിശായി കിടക്കുന്ന സ്ഥലത്ത് കൃഷിയിറക്കുവാനും കഴിയും.
രാവിലെ തുടങ്ങിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സിലര്‍ വിനു.ആര്‍.മോഹന്‍ നേതൃത്വം നല്‍കി. നാട്ടുകാരുടെ സഹകരണവും ലഭ്യമായി. തോട് വീണ്ടും ഒഴുകിത്തുടങ്ങിയത് പ്രദേശത്തെ ജലസ്രോതസുകള്‍ക്ക് സഹായകമാവും. വേനല്‍ക്കാലത്ത് ഈ പ്രദേശത്തെ കിണറുകളും നീരുറവകളും വറ്റിപ്പോകുന്ന അവസ്ഥയായിരുന്നു. തോട് പുനര്‍ജ്ജനിക്കുന്നതോടെ പ്രദേശത്തെ ജലലഭ്യത വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്
















