ആലപ്പുഴ: വിദേശ ആഭ്യന്തര വിപണിയില്‍ കൂടുതല്‍ കയറുത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കയര്‍ ബയര്‍ സെല്ലര്‍ മീറ്റില്‍ അന്തിമരൂപമായി. കയര്‍ ഉല്‍പന്നങ്ങള്‍ക്കൊപ്പം കയര്‍ യന്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന യന്ത്രോപകരണങ്ങള്‍ വാങ്ങാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തയ്യാറായതിലൂടെ കേരളം സാങ്കേതിക വിദ്യകളുടെ വ്യാപനത്തിനും അരങ്ങൊരുക്കുകയാണ്. വിദേശ ആഭ്യന്തര വിപണികളിലായി 250 കോടി രൂപയുടെ വ്യാപാരത്തിനാണ് ഇത്തവണ കയര്‍ കേരളയിലെ ബയര്‍ സെല്ലര്‍ മീറ്റില്‍ മാത്രം ധാരണയായിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 175 കോടി രൂപയായിരുന്നു. കയര്‍ യന്ത്ര നിര്‍മ്മാണ ഫാക്ടറിക്ക് 2.32 കോടി രൂപയുടെ കരാറാണ് മഹാരാഷ്‌ട്ര സര്‍ക്കാരിനു കീഴിലുള്ള മഹാരാഷ്‌ട്ര സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നല്‍കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിംഗ്‌സ് ലിമിറ്റഡിനും ആഭ്യന്തര വിപണിയില്‍ നിന്ന് ഒരു കോടി രൂപയുടെ വ്യാപാരക്കരാറാണ് ലഭിച്ചിരിക്കുന്നത്. ഇതുകൂടാതെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ബയര്‍മാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ കയറ്റുമതിക്കാരുമായും വ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
















