അഗളി:അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് ആനക്കെട്ടി റോഡിലൂടെയുള്ള യാത്രക്കിടയില്‍ പതിയിരിക്കുന്നത് വന്‍ വിപത്ത്.
മണ്ണൊലിച്ചുപോയതിനെ തുടര്‍ന്ന് ഏതുസമയത്തും വീഴാറായമരങ്ങളും, കൈവരികളില്ലാത്ത പാലങ്ങളും,കുന്നിടിയാനുള്ള സാധ്യതയും ഏറെയാണ്. മണ്ണാര്‍ക്കാട് മുതല്‍ ആനക്കെട്ടി വരെയുള്ള 55 കിലോമീറ്റര്‍ പാതയില്‍ ആനമൂളി മുതല്‍ മുക്കാലി വരെ 16 കിലോമീറ്റര്‍ ചുരമാണ്.
കഴിഞ്ഞ മാസമുണ്ടായ കനത്തത മഴയിലും, മണ്ണിടിച്ചിലിലും റോഡ് തകരുകയും ഗതാഗതതടസമുണ്ടാകുകയും ചെയ്തിരുന്നു. താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ഭാഗത്തും അപകടം പതിയിരിക്കുന്നുണ്ട്.
കനത്ത മഴയില്‍ തകര്‍ന്ന മന്ദം പൊട്ടി പാലത്തിന്റെ സംരക്ഷണ ഭിത്തികള്‍ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. സംരക്ഷണഭിത്തിക്ക് പകരം മണല്‍ചാക്കുകളാണ് നിരത്തിയിരിക്കുന്നത്. മാത്രമല്ല അപകടമുന്നറിയിപ്പ് നല്‍കുന്നതിനുള്ള സൂചനാ ബോര്‍ഡുകളും ഇല്ല.
സെലന്റ്വാലി ദേശീയോദ്യാന മടക്കമുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്രദേശത്തുണ്ട്.പ്രതിദിനം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്.റോഡില്‍ വിള്ളലുുണ്ടായ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വേലികളും യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പിക്കുന്നില്ല.
1950 കളില്‍ പഴയ മദ്രാസ് സംസ്ഥാനം നിര്‍മ്മിച്ചതാണ് 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മണ്ണാര്‍ക്കാട് ആനക്കട്ടി റോഡ്.പിന്നീട് റോഡിന്റെ സംരക്ഷണ ചുമതല പൊതുമരാമത്ത് വകുപ്പിന് കൈമാറിയെങ്കിലും 2011ലാണ് വീതി കൂട്ടി അറ്റകുറ്റ പണികള്‍ നടത്തിയത്.
എന്നാല്‍ റോഡിന്റെ 16 കിലോമീറ്റര്‍ വരുന്ന ചുരം ഭാഗത്ത് ഇരു വശവും വനഭൂമിയായതിനാല്‍ കാര്യമായ അറ്റകുറ്റ പണികള്‍ നടത്തിയിട്ടില്ല. കനത്ത മഴയെത്തുടര്‍ന്ന് ഈ ഭാഗത്ത് ആറിടത്താണ് വിള്ളലുകള്‍ ഉണ്ടായിരിക്കുുന്നത്.നിലവില്‍ ഈ ഭാഗങ്ങള്‍ താത്കാലിക സംരക്ഷണ വേലി കെട്ടി മറച്ചിരിക്കുകയാാണ്.മഴ ശക്തമായാല്‍ റോഡില്‍ വീണ്ടും വിള്ളലുകളും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നു.
തകര്‍ന്ന ചുരം റോഡ് സാധാരണ നിലയിലാകണമെങ്കില്‍ നാല് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ്, റോഡ് വിഭാഗം മണ്ണാര്‍ക്കാട് അസി.എഞ്ചിനീയര്‍ കെ.വി.രാജന് പറഞ്ഞു. നിലവില്‍ താത്ക്കാലിക അറ്റകുറ്റ പണികളാണ് നടത്തിയിട്ടുള്ളത്. ആഴത്തില്‍ വിള്ളലുണ്ടായ ഭാഗങ്ങളില്‍ കൂടുതല്‍ അത്യാധുനിക സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഒരുക്കണമെന്നാവശ്യം ശക്തമാണ്.
കൂടാതെ ഹെയര്‍ പിന് വളവുകളില്‍ സംരക്ഷണ ഭിത്തി, റീടാറിംഗ് എന്നിവ ചെയ്യണം. ഇതിനുള്ള വിശദമായ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ചുരം റോഡിലെ അപകടഭീഷിയായ മരങ്ങള്‍ മുറിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അസി.എഞ്ചിനീയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: