ഡോക്ടർമാരെ ദൈവമായി കാണുന്ന കാലം കഴിഞ്ഞോ. അങ്ങനെ ആവരുതെന്നാണ് എല്ലാവരുടേയും പ്രാർഥന. പക്ഷേ ചില നെഞ്ചുപൊള്ളുന്ന വാർത്തകൾ കേൾക്കുമ്പോൾ അങ്ങനെ തോന്നുന്നു. കേരളത്തിൽ ഡോക്ടർമാർ ചെകുത്താൻമാരായി മാറുന്നതിന്റെ ചില മോശം അടയാളങ്ങൾ ഇപ്പോൾ സംഭവിക്കുന്നുണ്ട്. അതിന്റെ പേരിലുള്ള കേസും കുട്ടീശ്വരവുമൊക്കെ വാർത്തകളിൽ നിറയാറുണ്ട്.
ഡോക്ടർമാർക്കെതിരെ നടപടിയെടുത്താൽ ഉടൻ സമരം ചെയ്യുമെന്ന ഭീഷണിയും ഇവരുടെ സംഘടനയിൽനിന്നും ഉയരാറുമുണ്ട്. അവർക്കു മനുഷ്യനെ കൊല്ലാനുള്ള ലൈസൻസോ രോഗികളെ നോക്കാതിരിക്കാനുള്ള അവകാശമോ കൽപ്പിച്ചുകൂട്ടി ആരെങ്കിലും നൽകിയിട്ടുണ്ടോ.
പീഡനത്തിനിരയായ കുട്ടിയെ പരിശോധിച്ചില്ലെന്നതിന്റെ പേരിൽ രണ്ടു ഡോക്ടർമാർക്കെതിരെ കേസെടുക്കാമെന്ന് പോക്‌സോ കോടതി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വെളിപ്പെടുത്തി. നിയമോപദേശത്തിന്റെ ആവശ്യംപോലുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പീഡനത്തിനിരയായ അഞ്ചു വയസുകാരിയെ ബന്ധുക്കൾ പരിശോധനയ്‌ക്കായി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ആറു മണിക്കൂറോളം പരിശോധിക്കാതെ ഡോക്ടർമാർ ഗുരുതരമായ അലംഭാവം കാട്ടിയെന്ന പരാതിയിലാണ് കേസെടുക്കാൻ പോകുന്നത്.
ഡോക്ടർമാരിൽ മനുഷ്യത്വം ഉള്ളവർ കുറയുന്നു എന്നതാണ് ഇത്തരം നികൃഷ്ടമായ അവസ്ഥയ്‌ക്കു കാരണം. യോഗ്യത ഇല്ലാത്തവർ ലക്ഷങ്ങൾ കൊടുത്തു പഠിച്ചു പുറത്തിറങ്ങുമ്പോൾ ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അതിശയമുള്ളൂ. മറ്റെന്തിനെക്കാളും ആരോഗ്യരംഗത്ത് സർക്കാരിന്റെ സത്വര ശ്രദ്ധ പതിയണമെന്നു മാത്രമല്ല ഇഛാശക്തിയും വേണം. മനുഷ്യത്വം കാട്ടാത്ത ഡോക്ടർമാർക്കുള്ള വഴി ജയിലിലേക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: