ന്യൂദൽഹി: സഞ്ചു ബാബ സ്ക്രീനിൽ എത്തുമ്പോൾ നിർത്താതെ അലയടിക്കുന്ന കരഘോഷങ്ങൾ 1990കളിൽ ബോംബെ തീയറ്ററുകളിലെ ഒരു നിത്യ പ്രതിഭാസമായിരുന്നു. ആറടി പൊക്കവും പൗരുഷത്തിന്റെ തേജസ് വിളിച്ചോതുന്ന സഞ്ചുബാബയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സഞ്ജയ് ദത്ത് അത്രയധികം ഇന്ത്യൻ സിനിമാ ലോകത്ത് പ്രിയപ്പെട്ടതായിരുന്നു. ഇപ്പോൾ ഇതാ സഞ്ജയ് ദത്തിന്റെ ജീവചരിത്രം രാജ്കുമാർ ഹിരാനി അഭ്രപാളികളിൽ നിർമ്മിക്കുന്നു. രൺബീർ കപൂർ നായകനാകുന്ന ഈ ചിത്രം സഞ്ജയ് ദത്തിന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയായിരിക്കും.
ദേശീയ അവാർഡുകളടക്കം നിരവധി ബഹുമതികൾ നേടിയെടുത്ത ഈ മഹാനടന്റെ ജീവിതത്തിലും കറുത്ത അധ്യായങ്ങളുടെ പംക്തികൾ നിറഞ്ഞ് നിന്നിരുന്നു. ഹാസ്യവും നായകവേഷവും പരുക്കൻ വേഷങ്ങളും തന്മയത്തോടു കൂടി സ്ക്രീനിൽ അവതരിപ്പിച്ച സഞ്ജയ് ദത്ത് ഇന്ത്യൻ യുവാക്കളുടെ ഹരമായിരുന്നു. 1981ൽ പുറത്തിറങ്ങിയ റോക്കി എന്ന ഹിറ്റ് ചിത്രത്തിലൂടെ അദ്ദേഹം സിനിമാ ലോകത്തേക്ക് കടന്നു വന്നതിനു ശേഷം 35 വർഷത്തിനിടെ 100ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
എന്നാൽ സിനിമാ ലോകത്തിനപ്പുറം അദ്ദേഹത്തിന്റെ അധോലോക ബന്ധങ്ങളും മുംബൈ സ്ഫോടനക്കേസുകളും മറ്റും സഞ്ജയ് ദത്ത് എന്ന നടനെ വില്ലനുമാക്കി. മുംബൈ സ്ഫോടനക്കേസിൽ പങ്കുകൊണ്ടതിന് ഭീകരവിരുദ്ധ സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാൽ തീവ്രവാദ കുറ്റത്തിൽ നിന്നും മുക്തനായെങ്കിലും അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചതിന് തുടർന്ന് അദ്ദേഹത്തിന് ടാഡ കോടതിയും സുപ്രീം കോടതിയും ജയിൽ ശിക്ഷ വിധിച്ചു. അഭ്രപാളികളിൽ തിളങ്ങിയ ആ മഹാ നടൻ ജീവിതത്തിൽ വില്ലനുമായി.
ഇപ്പോൾ സഞ്ജയ് ദത്തിന്റെ ജീവചരിത്രം പറയുന്ന ചിത്രത്തിൽ രൺബീർ കബൂർ എത്രത്തോളം സഞ്ചുബാബയെന്ന നായകനേയും വില്ലനേയും അവതരിപ്പിക്കുമെന്നതാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: