കോട്ടയം: ദേശീയ തപാല്‍ വാരാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 9 മുതല്‍ 15 വരെ കോട്ടയം പോസ്റ്റല്‍ ഡിവിഷന്‍ വൈവിധ്യമേറിയ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ലോക തപാല്‍ ദിനമായ ഒക്ടോബര്‍ 9ന് വൈകിട്ട് 4ന് കോട്ടയം ഹെഡ് പോസ്‌റ്റോഫീസിനു മുന്നില്‍ നിന്നാരംഭിക്കുന്ന പോസ്റ്റല്‍ റാലിയോടെ തപാല്‍ വാരാഘോഷത്തിന് തുടക്കമാകും.
അഞ്ചല്‍ ഓട്ടക്കാരന്‍ നേതൃത്വം നല്‍കുന്ന റാലി ശീമാട്ടി റൗണ്ട്, ഗാന്ധി സ്‌ക്വയര്‍ എന്നിവ പിന്നിട്ട് തിരുനക്കര അമ്പലത്തിന് മുന്നിലൂടെ പോസ്‌റ്റോഫീസ് പരിസരത്തു അവസാനിക്കും. അഞ്ചലോട്ടത്തെ അറിയാത്ത കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുതുതലമുറയിലെ ആളുകള്‍ക്കും ഇത് നവ്യാനുഭവമാവുമെന്ന് കോട്ടയം പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് അലക്‌സിന്‍ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ദിനമായ 11ന് വിവിധയിടങ്ങളില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് കാമ്പയിനുകള്‍ സംഘടിപ്പിക്കും. ഫിലാറ്റലി ദിനമായ 12 ന് ഫിലാറ്റലി എക്‌സിബിഷന്‍ സംഘടിപ്പിക്കും. കടപ്പാട്ടൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സ്റ്റാമ്പ് പ്രദര്‍ശനം സംഘടിപ്പിക്കുക. സ്വന്തം ഫോട്ടോ ആലേഖനം ചെയ്ത സ്റ്റാമ്പ് സ്വന്തമാക്കാവുന്ന ‘മൈ സ്റ്റാമ്പ്’ പദ്ധതിക്കും ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ തുറക്കാനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. സഞ്ചരിക്കുന്ന ‘മൊബൈല്‍ മൈ സ്റ്റാമ്പ് കൗണ്ടര്‍’ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. വാരാചരണത്തിന്റെ സമാപന ദിനമായ 14ന് ‘പോസ്‌റ്റോഫീസിനെ അറിയുക ‘ എന്ന പരിപാടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തും.
















