വേങ്ങര: പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ അത്ഭുതപൂര്‍വ്വമായ പ്രകടനമാണ് എന്‍ഡിഎ വേങ്ങരയില്‍ കാഴ്ചവെക്കുന്നത്. ഇന്നലെ ഒതുക്കുങ്ങലില്‍ നടന്ന റോഡ് ഷോയില്‍ ആയിരങ്ങളാണ് അണിനിരന്നത്. ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ പാര്‍ട്ടി പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും പലപ്പോഴായി അധികാരത്തില്‍ വരുന്നതിനും സഹായിച്ച കേരളത്തിലെ പിന്നോക്ക വിഭാഗത്തെ എല്‍ഡിഎഫ് അവഗണിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ പിന്നോക്ക കമ്മീഷന് രൂപീകരിക്കുന്നതിന് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ നീക്കം കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ചേര്‍ന്ന് രാജ്യസഭയില്‍ പരാജയപ്പെടുത്തി. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇരുമുന്നണികളും തങ്ങളുടെ പിന്നോക്കജാതി നയം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ സര്‍ക്കാരുകള്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും പുതിയജാതി സൃഷ്ടിക്കുന്നതിനാണ് പരിശ്രമിക്കുന്നത്. പിന്നോക്കജാതി വിഭാഗങ്ങള്‍ക്ക് ബഡ്ജറ്റില്‍ മാറ്റി വെച്ച തുകകള്‍ ഫലപ്രദമായി വിനിയോഗിക്കാതെ ഫണ്ടുകള്‍ ലാപ്സാക്കുന്ന സമീപനമാണ് നാളിതുവരെയും കേരളത്തിലെ സര്‍ക്കാരുകള്‍ അവലംബിച്ചിട്ടുള്ളത്. പിന്നോക്കജാതിക്കാരുടെ ആനുകൂല്യങ്ങള്‍ അട്ടിമറിച്ച സര്‍ക്കാരുകള്‍ക്കുള്ള മറുപടിയായി വേങ്ങര ഉപതെരഞ്ഞെടുപ്പിനെ കണ്ട് ഇടതു വലതു മുന്നണികളെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പരമേശ്വരന് അധ്യക്ഷത വഹിച്ചു.
എ.ആര് നഗര്‍ പഞ്ചായത്തിലാണ് ഇന്നത്തെ റോഡ് ഷോ. കുന്നുംപുറം, കക്കാടംപുറം, കൊടുവായൂര്‍, കൊളപ്പുറം ടൗണ്‍, താഴേ കൊളപ്പുറം, വികെപടി, ചെണ്ടപ്പുറായ, ജാറത്തുംപടി, പുകയൂര്‍, വലിയപറമ്പ്, മമ്പുറം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വെട്ടത്തുപീടികയില് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: