ഒറ്റപ്പാലം:മാനസിക വെല്ലുവിളികള്‍ നേരിടുന്നവരോടുള്ള അവഗണന തുടരുമ്പോഴും സര്‍ക്കാരില്‍ നിന്നുപോലും സഹായം ലഭിക്കാതെ ലക്കിടി തെക്കുംമംഗലം പോളീ ഗാര്‍ഡനിലെ അന്തേവാസികള്‍.ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍പരിശീലന പുനഃരധിവാസ കേന്ദ്രമായ ഇവിടെ 18നും 85നുംഇടയില്‍ പ്രായമുള്ള 109 പുരുഷന്മാരാണുള്ളത്.
ഇതില്‍ 55പേര് അനാഥരാണ്. ജുവൈനല്‍ ഹോമുകളില്‍ നിന്നും തെരുവുകളില്‍ നിന്നും എത്തപ്പെട്ടവരുമുണ്ട്. ഡയറക്ട്രേറ്റ് ഓഫ് സോഷ്യല്‍ ആക്ഷന്‍ എന്ന സന്നദ്ധ സംഘടനയുടെ കീഴില്‍ 1981ല്‍ ആണ് പോളിഗാര്ഡന് സ്ഥാപിതമായത്.ഭിന്നശേഷിക്കാര്‍ക്ക് സ്വതന്ത്രമായി ജീവിക്കുവാനും സ്വയംപര്യാപ്തത നേടുവാനുമുള്ള ഒരു വികലാംഗ ഗ്രാമംസൃഷ്ടിക്കുകഎന്നുള്ളതായിരുന്നു സ്ഥാപകനായ റവ.ഫാ.പോള്‍ പൂവ്വത്തിങ്കലിന് ഉണ്ടായിരുന്നത്.
ലക്കിടി തെങ്കുമംഗലം ഭാഗത്ത് തരിശായി കിടന്നിരുന്ന സ്ഥലം വാങ്ങി അവിടെ റബ്ബറും, തെങ്ങും, മാവും തുടങ്ങിയ ഫലവൃഷങ്ങളും മറ്റു വിളകളും കൃഷി ചെയ്ത് അതില്‍ നിന്നുള്ള വരുമാനംകൊണ്ടാണ് പ്രവര്‍ത്തനം.സ്ഥാപകനും, ഡയറക്ടറുമായിരുന്ന റവ.ഫാ.പോള്‍ പൂവ്വത്തിങ്കല്‍ 2005ല്‍ നിര്യാതനായതിനു ശേഷം ഏതാനും യുവ സന്നദ്ധ പ്രവര്‍ത്തകരാണ് ഈ ട്രസ്റ്റിനെ മുമ്പോട്ടു കൊണ്ടു പോകുന്നത്.
ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് എക്സിക്യൂട്ടീവ് ഡയറക്ടറായ സിജു വിതയത്തിലാണ്. ഒരു കൂട്ടം ആളുകള്‍ നല്കുന്ന അന്നദാനവും സാമ്പത്തിക സഹായവുമാണ് പോളിഗാര്‍ഡന്റെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്.അന്തേവാസികളില്‍ മിക്കവരും അപസ്മാരം, പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവ ഉള്ളവരും കൂടാതെ ഷുഗര്‍, ബി.പി, വൃക്ക സംബന്ധമായ അസുഖങ്ങള്‍, ആസ്മ,വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ എന്നിവയുള്ളവരാണ്.
ഇവരുടെ ഭക്ഷണം മരുന്ന് എന്നിവക്കായി പ്രതിദിനംപതിനയ്യായിരത്തോളം രൂപ ആവശ്യമുണ്ട്. പരിശീലനത്തിനും പരിപാലനത്തിനുമായി 15 ഓളം പേര് പ്രവര്‍ത്തിക്കുന്നുണ്ട്. കലാകായികശേഷിവര്ദ്ധിപ്പിക്കാനുള്ള പരിശീലനവും ഇവിടെ നല്കി വരുന്നു.മാതാപിതാക്കള്‍ മരണപ്പെട്ട മക്കളും,പ്രായാധിക്യം മൂലം മാനസ്സിക വെല്ലുവിളികള്‍ നേരിടുന്ന മക്കളെ സംരക്ഷിക്കുവാന്‍ പ്രയാസപ്പെടുന്ന മാതാപിതാക്കളും,ബന്ധുക്കളും പോളിഗാര്ഡനുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ കെട്ടിടത്തിന്റെ സ്ഥലപരിമിതി മൂലം കൂടുതല്‍ പേരെ പ്രവേശിപ്പിക്കുവാന്‍ സാധിക്കുന്നില്ല.
സര്‍ക്കാരിന്റെ സത്വര ശ്രദ്ധ ആവശ്യമായ ഒരു മേഖലയാണ് ഇവരുടെ പുനഃരധിവാസം. മാനസ്സിക വെല്ലുവിളികള്‍ നേരിടുന്ന മുതിര്‍ന്ന വ്യക്തികളുടെ ക്ഷേമത്തിനായി നിലവില്‍ യാതൊരുവിധ പുന:രധിവാസ പദ്ധതികളോ, മാര്‍ഗ്ഗരേഖകളോ സര്‍ക്കാര്‍ സംവിധാനങ്ങളില്ലെന്നത് ഏറെ ഖേദകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: