പള്ളുരുത്തി: പള്ളുരുത്തി സംസ്ഥാന പാതയ്ക്ക് സമാന്തരമായി 30 വര്‍ഷം മുന്‍പ് നിര്‍മ്മാണം ആരംഭിച്ച നാല്പ്പതടി റോഡ് ഇനിയും പൂര്‍ത്തിയായില്ല. ഗതാഗതക്കുരുക്കിലമരുന്ന പള്ളുരുത്തിക്ക് ഏറെ ആശ്വാസമാകുന്ന റോഡ് പണി നീളുന്നത് നാട്ടുകാരെയും ആശങ്കയിലാഴ്ത്തി.
തോപ്പുംപടി പള്ളിച്ചാല്‍ റോഡില്‍ നിന്ന് ആരംഭിച്ച നിര്‍മ്മാണം കച്ചേരിപ്പടി എംഎല്‍എ റോഡില്‍ അവസാനിപ്പിച്ചിരിക്കുകയാണ്. കച്ചേരിപ്പടി,കോണം,പെരുമ്പടപ്പ് വി.എന്‍. പുരുഷന് റോഡുവഴി ഇടക്കൊച്ചിയിലേക്ക് പാലം നിര്‍മ്മിച്ച് കടന്നു പോകുന്നതാണ് റോഡിന്റെ രൂപമെന്ന് പറയുമ്പോഴും മുപ്പതു വര്‍ഷമായി റോഡിന് കൃത്യമായ രൂപരേഖയായിട്ടില്ലെന്ന് ഒരുവിഭാഗം പറയുന്നു.
കൊച്ചി നഗരസഭയ്ക്കാണ് നിലവില്‍ നിര്മ്മാണച്ചുമതലയെങ്കിലും നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. 12 വര്ഷംമുന്പ് കച്ചേരിപ്പടിയില്‍ നിര്‍മ്മാണം നിലച്ചിരിക്കുന്നിടത്തുനിന്ന് ഒരടി പോലും മുന്നോട്ടു പോകാന്‍ നഗരസഭയ്ക്കായിട്ടില്ല. 73 സെന്റ് സ്ഥലം റോഡിനായി ഏറ്റെടുത്തെങ്കിലും പണം കൈപ്പറ്റിയ പലരേയും ഭൂമിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇനിയും സ്ഥലം ഏറ്റെടുക്കാനുണ്ടെങ്കിലും ഇതിന്റെ നടപടിയും എങ്ങുമെത്തിയിട്ടില്ല. പുതുതായി ഏറ്റെടുക്കേണ്ട സ്ഥലത്തെച്ചൊല്ലി ഉടമകളുമായി തര്‍ക്കം നിലനില്ക്കുന്നതും പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. മൂന്നു പതിറ്റാണ്ടിനുമുന്‍പ് അക്വേസേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ഭൂവുടമകള്‍ വീടുകളുടെ അറ്റകുറ്റപണികളും പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താനാവാതെ ദുരിതമനുഭവിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: