മാനന്തവാടി: എടത്തന ഗവ.ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ എ.ടി.ഒ യെ ഉപരോധിച്ചു.ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പ്രദേശത്തെ ബി.ജെ.പി പ്രവർത്തകർ എ.ടി.ഒ യെ ഉപരോധിച്ചത്. മുമ്പ് വാളാട് നിന്നും എടത്തനയ്ക്ക് രാവിലെയും വൈകീട്ടും പ്രിയദർശനി ബസ് സർവ്വിസ് നടത്തിയിരുന്നു.എന്നാൽ രണ്ട് മാസം മുമ്പ് പ്രിയദർശനി സർവ്വീസ് നിർത്തുകയായിരുന്നു. ഇതോടെയാണ് എടത്തന സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളും പ്രദേശവാസികളും വാഹന സൗകര്യമില്ലാതെ ദുരിതത്തിലായത്. നിരവധി തവണ പ്രദേശവാസികളും വിദ്യാർത്ഥികളും ഇതു വഴി കെ.എസ്. ആർ.ടി.സി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ റോഡിന് ആവശ്യമായ വീതിയില്ലെന്ന കാരണം പറഞ്ഞ് അധികൃതർ സർവ്വീസ് ആരംഭിക്കാനുള്ള നടപടി ഒഴിവാക്കുകയായിരുന്നു.പോലീസിന്റെ സാന്നിധ്യത്തിൽസമരക്കാരുമായി എ. ടി.ഒ നടത്തിയ ചർച്ചയിൽ വരുന്ന തിങ്കളാഴ്ച്ചയ്ക്കുള്ളിൽ റൂട്ട് പരിശോധിച്ച് 15 ദിവസത്തിനുള്ളിൽ സർവ്വീസ് ആരംഭിക്കുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.15 ദിവത്തിനുള്ളിൽ സർവ്വീസ് ആരംഭിക്കാനുള്ള നടപടി അധികൃതർ സ്വീകരിച്ചില്ലെങ്കിൽ വിദ്യാർത്ഥികളെ അടക്കം പങ്കെടുപ്പിച്ച് ശക്തമായ സമര പരിപാടിക്ക് നേതൃത്വം നൽകുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു വിജയകുമാർ പറഞ്ഞു.ഉപരോധത്തിന് മണ്ഡലം പ്രസിഡൻറ് കണ്ണൻ കണിയാരം,ജി.കെ. മാധവൻ, കെ. ജയചന്ദ്രൻ,വിൽഫ്രഡ് ജോസ്,കൂവണ വിജയൻ, കെ.കുഞ്ഞിരാമൻ,മഹേഷ് കരിക്കാറ്റിൽ എന്നിവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: