തിരുവനന്തപുരം : ഗാന്ധിജയന്തി ദിനത്തില്‍ കേടായ ആശുപത്രി ഉപകരണങ്ങള്‍ പുതുപുത്തനാക്കി കുട്ടിക്കൂട്ടം മാതൃകയായി. പരുത്തിപ്പളളി സ്‌കൂളിലെ എന്‍എസ്എസ് വോളന്റിയര്‍മാരാണ് പരുത്തിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയത്.
തുരുമ്പെടുത്തുതുടങ്ങിയ ഉപകരണങ്ങള്‍ വൃത്തിയാക്കി അറ്റകുറ്റപണികള്‍ നടത്തി നിറം നല്‍കി പുത്തനാക്കി. ലക്ഷക്കണക്കിന് രൂപ വിലപിടിപ്പുള്ള ഉപകരണങ്ങളാണ് വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി നാശത്തില്‍ നിന്ന് വീണ്ടെടുത്തത്. കേടായ ഉപകരണങ്ങള്‍ നന്നാക്കുന്നതിന് പകരം പലരും അവ വലിച്ചെറിഞ്ഞ് പ്രകൃതിയില്‍ മാലിന്യങ്ങളുടെ അളവ് കൂട്ടുന്നു. ഈ സാഹചര്യത്തില്‍ പഴയ ഉപകരണങ്ങളുടെ ‘പരമാവധി ഉപയോഗം’ എന്ന സന്ദേശം ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ ലക്ഷ്യമിട്ടതെന്ന് പരിപാടിക്ക് നേതൃത്വം നല്‍കിയ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സജീവ് പറഞ്ഞു. പരുത്തിപ്പളളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ജോയി ജോണ്‍, കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ എന്നിവരുടെ പിന്‍തുണയോടെയായിരുന്നു ഉപകരണ നവീകരണ യജ്ഞം..
















