തിരുവനന്തപുരം: സുസ്ഥിര വികസന വിദ്യാഭ്യാസത്തിന് ആഗോള തലത്തില്‍ നല്‍കുന്ന ഒക്കായാമ പുരസ്‌കാരം 2017 ന് സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) അര്‍ഹമായി.
യുഎന്‍ യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള റീജ്യണല്‍ സെന്റര്‍ ഫോര്‍ എക്‌സ്‌പെര്‍ട്ടീസിന്റെ തിരുവനന്തപുരത്തിന്റെ (ആര്‍സിഇ) ആസ്ഥാനമാണ് സിസ്സ. ആദ്യ ഘട്ടത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 11 പദ്ധതികളില്‍ നിന്നാണ് സിസ്സയുടെ കേരള ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ് ഈ പുരസ്‌കാരത്തിന് അര്‍ഹമായത്.
29 രാജ്യങ്ങളില്‍ നിന്ന് സമര്‍പ്പിച്ച 44 അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടെണ്ണത്തിനാണ് വിഖ്യാതമായ പുരസ്‌കാരം ലഭിച്ചത്.
ഇന്‍ഡോനേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേവി ഫോര്‍ച്യൂണ്‍ കമ്മ്യൂണിറ്റി ലേര്‍ണിംഗ് സെന്ററിന്റെ പദ്ധതിക്കും അംഗീകാരം കിട്ടിയിട്ടുണ്ട്. തദ്ദേശീയ ജനതയുടെ സാമൂഹിക സാമ്പത്തിക ശാക്തീകരണത്തില്‍ സംയോജിത പാരമ്പര്യ കലകളുടെ സംരക്ഷണത്തിനുള്ള പദ്ധതിയാണ് പുരസ്‌കാരം നേടിയത്.
ജപ്പാനിലെ ഒക്കായാമ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒക്ടോബര്‍ 21 നു നടക്കുന്ന ഇഎസ്ഡി ഒക്കായാമ അവാര്‍ഡ് ദാന ചടങ്ങില്‍ സിസ്സ ഡയറക്ടര്‍ (കാര്‍ഷികം) ഡോ.സി.കെ.പീതാംബരന്‍ 3000 അമേരിക്കന്‍ ഡോളര്‍ ഉള്‍പ്പെടെയുള്ള ഉന്നത പുരസ്‌കാരം ഏറ്റുവാങ്ങും.
അവാര്‍ഡിന് അര്‍ഹമായ കേരള ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസ് പ്രൊജക്റ്റ് ഡോ.പീതാംബരന്‍ ചടങ്ങില്‍ അവതരിപ്പിക്കും. കേരള സര്‍ക്കാരിന്റെ കാര്‍ഷിക വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരിതര സന്നദ്ധ സംഘടനയായ അഗ്രി ഫ്രണ്ട്‌സും സിസ്സ-ആര്‍ സിഇ തിരുവനന്തപുരവും സംയുക്തമായാണ് കേരള ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
















