വധിക്കപ്പെടുന്നവന്റെ അന്ത്യവിലാപം ആഹ്ളാദകരമായി തോന്നുന്നതുകൊണ്ടാവാം. ലാസ് വെഗാസില്‍ 59 പേരെ വെടിവെച്ചു കൊന്ന സ്റ്റീഫന്‍ പഡോക്ക് തങ്ങളുടെ അംഗമാണെന്ന് ഉടനെ തന്നെ ഐ എസ് പ്രസ്താവിച്ചത്. ഇര അമേരിക്കയായതുകൊണ്ട് പ്രത്യേകിച്ചും. പക്ഷേ പഡോക്ക് അങ്ങനെ ഒരാളാണെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നാളെ ഒരുപക്ഷേ പഡോക്ക് ഐ എസ് ഭീകരന് തന്നെയാണെന്നു കണ്ടെത്തിയേക്കാം. വിനോദ സഞ്ചാര കേന്ദ്രമായ ലാസ് വെഗാസില്‍ മാന്‍ഡലെ ബേ ഹോട്ടലിനു സമീപം സംഗീത പരിപാടിക്കിടെയാണ് കൊലയാളി തുരുതുരെ വെടിയുതിര്‍ത്തത്.
സംഗീതം വൈകാരികമായി ആവേശിച്ച വേളയില്‍ പടക്കംപൊട്ടുകയാണെന്നോ മറ്റോ ആയിരിക്കണം ആള്ക്കാര് ആദ്യം വിചാരിച്ചത്. കാര്യങ്ങള്‍ വ്യക്തമാകുംമുന്‍പ് തീ തുപ്പുന്ന യന്ത്രത്തോക്കിനു ഇരയായിക്കഴിഞ്ഞിരുന്നു പലരും. മരിച്ചവരെക്കൂടാതെ 515 പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. ഇനിയും മരണം കൂടാം.
തോക്ക് കളിപ്പാട്ടമാക്കി ആളെക്കൊല്ലുന്ന അമേരിക്കയില്‍ പക്ഷേ ഈ മരണക്കളി ലോകത്തെതന്നെ നടുക്കി. മുപ്പതിനായിരം വരുന്ന ആളുകള്‍ക്കിടയിലേക്ക് യന്ത്രത്തോക്കു പ്രയോഗിച്ചുണ്ടായ ഭീകരത ഓര്‍ത്തു നോക്കൂ. ആരും മരിച്ചുവീഴാം എന്ന നിലയില്‍ ആയിരങ്ങളാണ് എങ്ങോട്ടെന്നില്ലാതെ നിലവിളിച്ചുംകൊണ്ടോടിയത്.
കൊലയുടെ കാരണങ്ങള്‍ എന്തുതന്നെയായാലും അത് ക്രൂരതയുടെ വ്യാകരണങ്ങള്‍ക്കും അപ്പുറമാണ്. എന്നാല്‍ എന്തെങ്കിലുമൊരു കാരണം കണ്ടുപിടിക്കാന്‍ ആളെ ജീവനോടെ കിട്ടിയില്ല. ഹോട്ടലിന്റെ മുപ്പത്തി രണ്ടാം നിലയില്‍ പഡോക്ക് മരിച്ചു കിടക്കുന്നതായി പോലീസ് പിന്നീടു കണ്ടെത്തി.ആളില്ലെങ്കിലും കാരണങ്ങള്‍ അവശേഷിക്കുമല്ലോ.
പോലീസ് ആ കൊലശേഷിപ്പ് അന്വേഷിക്കുകയാണ്. അക്രമിക്കൊപ്പം സഞ്ചരിച്ചിരുന്നുവെന്നു സംശയിക്കുന്ന മാരിലോ ഡാന്‍ലി എന്ന സ്ത്രീയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊലയ്ക്കുശേഷം സ്റ്റീഫന്‍ ആത്മഹത്യ ചെയ്തതാവണം എന്നാണ് പോലീസ് നിരീക്ഷണം.സംഭവം നടന്നിടത്തുനിന്നും മുപ്പതു മിനിറ്റു സഞ്ചരിച്ചാല്‍ എത്താവുന്ന ദൂരത്താണ് പഡോക്കിന്റെ താമസം.
64 കാരനായ ഇയാള്‍ക്ക് ഒരു സംഘടനയായും ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സഹോദരനായ എറിക് പഡോക്കിനും ജ്യേഷ്ഠനെക്കുറിച്ചു പറയാനുള്ളത് നല്ലതുമാത്രം. ഇങ്ങനെയൊരു കൂട്ടക്കൊല നടത്താന്‍മാത്രം ആളല്ല അയാള്‍ എന്നു പറഞ്ഞ് എറിക് കരയുകയായിരുന്നു. അവിശ്വസനീയമായ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ടെന്നാണ് എറിക്കിന്റെ സംശയം.
സെപ്റ്റംബര്‍ മധ്യത്തില്‍ ഇര്‍മ കൊടുങ്കാറ്റില്‍ വൈദ്യുതി പോയ ഫ്ളോറിഡയിലായിരുന്നു 90 കാരിയായ അവരുടെ അമ്മ. അന്നേരം ഫ്ളോറിഡയില്‍ എന്തെടുക്കുകയായിരുന്നു അമ്മ എന്ന അന്വേഷണത്തിലായിരുന്നു അപ്പോള്‍ സ്റ്റീഫന്‍ പഡോക്ക്. നടക്കാന്‍ സഹായിക്കുന്ന ഒരു വാക്കറും അമ്മയ്ക്കു അയച്ചുകൊടുത്തിരുന്നു.
രണ്ടാഴ്ചയ്ക്കുശേഷം ഇപ്പോഴിതാ വലിയൊരു കൂട്ടക്കൊല നടത്തി അയാള്‍ ആത്മഹത്യ ചെയ്തെന്നു പോലീസ് പറയുന്നു. എങ്ങനെ വിശ്വസിക്കും. ഒരു സംഘടനയിലും സഹോദരന് പ്രവര്‍ത്തിച്ചതായി അറിവില്ല. നല്ല ധനവായതുകൊണ്ട് ഇടയ്ക്കു ചൂതുകളിക്കും. എന്നാല്‍ ചൂതുകളി ആയാള്‍ക്കു ഭ്രാന്തല്ല.തമാശമാത്രം. എന്നിങ്ങനെ പോകുന്നു സഹോദരന്റെ വെളിപ്പെടുത്തല്‍.
മറ്റൊരു സംശയം,സ്റ്റീഫന്‍ എന്തിനു മറ്റു ആയുധങ്ങളും വാങ്ങിക്കൂട്ടി. അയാള്‍ മരിച്ചു കിടന്ന മുറിയില്‍ നിന്നും ആയുധങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.മൂന്നു തോക്കുകള്‍ നേരത്തെ അയാള്‍ വാങ്ങിയിട്ടുണ്ടെന്ന് അത്തരം ഇടപാടുമായി ബന്ധമുള്ള ഒരാള്‍ പോലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്.
പക്ഷേ അതെല്ലാം നിയമത്തിന്റെ നേരായ വഴികളിലൂടെയാണ്. നേരത്തേ ഒരു ക്രിമിനല്‍ പശ്ചാത്തലം അയാള്‍ക്കുള്ളതായി അറിവില്ലെന്നാണ് പോലീസിനു കിട്ടിയ വിവരം.എന്തായാലും തോക്കുനിയമത്തില്‍ കാതലായ മാറ്റമാണ് അമേരിക്കക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പാട്ടിന്റെ പട്ടുപാതയിലൂടെ ആള്ക്കാര് സഞ്ചരിക്കുമ്പോഴായിരുന്നു കാല വാഹനംപോലെ യന്ത്രത്തോക്കു അവരുടെ ജീവന് തടഞ്ഞത്്. കരഞ്ഞാലും തീരില്ല ആ വേദന. നഷ്ടങ്ങളുടെ പറുദീസയില്‍ ഓര്‍മകളുടെ കുടീരങ്ങള്‍ പണിയാം എന്നുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: