ഗുരുവായൂര്‍: കാലാവധി പൂര്‍ത്തിയാക്കിയ അഡ്മിനിസ്‌ട്രേറ്ററെ തന്നെ വീണ്ടും തല്‍സ്ഥാനത്ത് നിയമിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി നിരാകരിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്റെ കാലാവധി ഒന്നിന് പൂര്‍ത്തിയായിരുന്നു.
ഒരു വര്‍ഷമാണ് അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ഭരണ കാലാവധി. ഇത് പൂര്‍ത്തിയായാല്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെടുന്നതിന് അര്‍ഹതയുള്ള മൂന്നു പേരെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. ഇതില്‍ നിന്ന് താല്പര്യമുള്ള ഒരാളെ തെരഞ്ഞെടുക്കാനുള്ള അധികാരം ഭരണ സമിതിക്കുണ്ട്. ഭരണ സമിതി അംഗീകരിച്ചയാളെ നിയമിക്കാനുള്ള സര്‍ക്കാര്‍ സമ്മതം ലഭിച്ചാല്‍ ദേവസ്വമാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നത്.
നിലവിലെ അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി പൂര്‍ത്തിയാകുന്ന തിയ്യതിയും പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ക്കായുള്ള പാനല്‍ നിര്‍ദ്ദേശിക്കാനുള്ള അപേക്ഷയും സെപ്തംബര്‍ അവസാന വാരത്തില്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെന്ന് ദേവസ്വം ഭരണസമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ നിലവിലുള്ള കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ എട്ട് മാസം കൂടി മാത്രം ബാക്കിയുള്ള സി.സി. ശശിധരന് തന്നെ സര്‍വ്വീസ് കാലവധി കഴിയുന്നത് വരെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല നീട്ടി കൊടുക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിനെതിരെ തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന അടിയന്തരഭരണ സമിതി യോഗ തീരുമാന പ്രകാരം സര്‍ക്കാരിന്റെ തീരുമാനത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയും കോടതി സര്‍ക്കാര്‍ തീരുമാനത്തെ തള്ളികളയുകയും ചെയ്തു. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേല്‍ക്കുന്നതു വരെ വെള്ളിയാഴ്ച മുതല്‍ കളക്ടറോട് ചുമതല ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഒക്ടോബര്‍ ഒന്നിന് അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി അവസാനിച്ചതിനാല്‍ ചുമതല സ്വാഭാവികമായി കലക്ടര്‍ക്ക് ആണെന്നും ഭരണ സമിതി അംഗങ്ങള്‍ പറയുന്നു. എന്നാല്‍ ഭരണ സമിതി യോഗം വിളിക്കേണ്ടത് ഗുരുവായൂര്‍ ദേവസ്വം സെക്രട്ടറി കൂടിയ അഡ്മിനിസ്‌ട്രേറ്ററാണെന്നും കൂടാതെ മറ്റു സമിതി അംഗങ്ങള്‍ ഈ വിവരങ്ങള്‍ അറിഞ്ഞിട്ടുമില്ലെന്നും പ്രതിപക്ഷം പറഞ്ഞു. മാത്രമല്ല അടിയന്തര സമിതി അംഗങ്ങള്‍ പറയുന്ന പ്രകാരം കളക്ടറാണ് അടിയന്തര യോഗം വിളിക്കേണ്ടതെങ്കില്‍ ഗാന്ധിജയന്തി അവധി ദിനത്തില്‍ ഏതാനും ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഓഫീസ് തുറന്നാണ് ചര്‍ച്ചയും തീരുമാനങ്ങളുമുണ്ടായതെന്നും ആരോപണമുണ്ട്.
















