പാലക്കാട്:ജില്ലയില്‍ വന്യമൃഗങ്ങളെ തുരുത്താനെന്ന പേരില്‍ നിയമവിരുദ്ധമായി നിര്‍മ്മിക്കുന്ന വൈദ്യുതവേലികള്‍ ആറു മാസത്തിനിടയില്‍ നാലു ജീവനുകള്‍ കവര്‍ന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് അനേ്വഷണത്തിന് ഉത്തരവിട്ടു.
ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ഏതൊക്കെ മാനദണ്ഡത്തിലാണ് വൈദ്യുത കണക്ഷനുകള്‍ അനുവദിക്കുന്നതെന്ന് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വ്യക്തമാക്കണമെന്ന് കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.ഇത്തരം കണക്ഷനുകള്‍ നിരീക്ഷണ വിധേയമാക്കാറുണ്ടോ എന്നും വ്യക്തമാക്കണം.വന്യമൃഗങ്ങളെ തുരത്താന്‍ നിര്‍മ്മിച്ച വേലി മരണകാരണമായ സംഭവത്തില്‍ പാലക്കാട് ജില്ലാ പോലീസ് മേധാവി സ്വീകരിച്ച നിയമനടപടികള്‍ അറിയിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
കൃഷി നിശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ തുരത്താന്‍ അനധികൃതമായി കറന്റ് കടത്തിവിടും. ഇതറിയാതെ എത്തുന്നവരാണ് വൈദ്യുതാഘാതമേറ്റ് മരിക്കുന്നത്.വേലികള്‍ വര്‍ധിക്കുംതോറും മരണങ്ങള് ഏറുകയാണ്.നടപടികള്‍ ഒഴിവാക്കാന്‍ സ്ഥലം ഉടമകള്‍ മൃതദേഹം കൃഷിയിടങ്ങളില്‍ നിന്ന് മാറ്റിയിടുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
സംഭവത്തില്‍ സ്വീകരിച്ച സമാശ്വാസ നടപടികള്‍ പാലക്കാട് ജില്ലാകളക്ടറും വ്യക്തമാക്കണം.കേസ് നവംബര്‍ 16 ന് പാലക്കാട് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.മലമ്പുഴയില്‍ നിന്ന് വിതരണം ചെയ്ത കുടിവെള്ളത്തില്‍ പുഴുക്കളെ കണ്ടെത്തിയെന്ന സംഭവത്തിലും ജലഅതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയറില്‍ നിന്നും കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടു.പഴയ കല്പാത്തിയിലെ മണികണ്ഠന്റെ വീട്ടില്‍ ലഭിച്ച വെള്ളത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്.മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: