പാലക്കാട്:പോലീസിനെ വെല്ലുവിളിച്ച് മാവോയിസ്റ്റ് നേതാവ് ലതയുടെ അനുസ്മരണം. കനത്ത പോലീസ് കാവലിനിടയിലും മലമ്പുഴ കാഞ്ഞിരക്കടവില്‍ മോവോയിസ്റ്റുകള്‍ ലത അനുസ്മരണം സംഘടിപ്പിച്ചു.
ഇടതുപക്ഷ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് അനുസ്മരണയോഗത്തില്‍ ഉണ്ടായത്. കേരളത്തില്‍ നിന്നും, തമിഴ്നാട്ടില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ പരിപാടിയില്‍ സംബന്ധിച്ചു. നിലമ്പൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച മോവോയിസ്റ് നേതാവ് ലതയുടെ മരണത്തില്‍ അനുസ്മരണം രേഖപെടുത്താനാണ് പരിപാടി സംഘടിപ്പിച്ചത്. പോലീസ് പരിപാടി നടത്താന്‍ അനുമതി നല്‍കിയിരുന്നില്ല. മൈക്ക് ഉപയോഗിക്കാനും സമ്മതിച്ചില്ല. എന്നാല്‍, പരിപാടി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടത്താന്‍ അനുസ്മരണ സമിതിക്കു കഴിഞ്ഞു.
കഴിഞ്ഞമാസം ആറിന് ഒലവക്കോട് ചേര്‍ന്ന അനുസ്മരണ സമിതി രൂപീകരണ യോഗത്തില്‍ അന്‍പതോളം പേര് പങ്കെടുത്തിരുന്നു. ഇന്നലെ നടന്ന പരിപാടിയിലും അന്‍പതോളം പേര് സംബന്ധിച്ചിരുന്നതായി കണ്‍വീനര്‍ മുണ്ടൂര്‍ രാവുണ്ണി പറഞ്ഞു. കഴിഞ്ഞ ആഗസ്ത് ആറിനാണ് ലത എന്ന മീര കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതായി മോവോയിസ്റ്റുകള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചത്. മാവോയിസ്റ്റുകള്‍ ലതയെ വനിതാ ഗറില്ലാ പോരാളിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്.
പോരാട്ടം കൗണ്‍സില്‍ അംഗം ഗൗരിലത അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രോവാസു അധ്യക്ഷതവഹിച്ചു. എം.എന്‍. രാവുണ്ണി, ഷാക്കിര്ഹുസൈന്, അനോജ്, മൊയ്തു വാപ്പു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: