ചെര്‍പ്പുളശ്ശേരി:കരാറുകാരനോട് പണം ആവശ്യപ്പെട്ടെന്ന വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ അഴിമതി ആരോപണവിധേയനായ നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ജനാര്ദ്ദനന് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ സെക്രട്ടറിക്ക് നേരിട്ടെത്തിയാണ് രാജിക്കത്ത് നല്‍കിയത്.നിലവില്‍ ആഗസ്ത് മുതല്‍ മൂന്നു മാസത്തെ അവധിയിലായിരുന്നു ജനാര്ദ്ദനന്. അഴിമതി ആരോപണത്തെ തുടര്‍ന്ന് സിപിഎം ഏരിയാ കമ്മറ്റി അംഗമായിരുന്ന എന്‍.ജനാര്‍ദ്ദനനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തിരുന്നു.
ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയ ജനാര്‍ദ്ദനനോട് പ്രസിഡന്റ് സ്ഥാനം ഒഴിയാനും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് രാജിയെന്ന് എന്‍.ജനാര്ദ്ദനന് പറഞ്ഞു.
വിവാദ ഫോണ്‍ സംഭാഷണത്തില്‍ പങ്കാളിയായ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും സിപിഎം. ലോക്കല്‍ കമ്മറ്റി അംഗവുമായ കെ.ടി.ജലീലിനെതിരെയും ഉടന്‍ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. പഞ്ചായത്തില്‍ തെരുവ് വിളക്ക് അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാരനോട് പ്രസിഡന്റ് എന്‍. ജനാര്ദ്ദനന് കമ്മീഷനായി വന്‍ തുക ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്.
നെല്ലായ മാവുണ്ടരിക്കടവ് റോഡില്‍ കയ്യേറ്റം ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് കെട്ടിട നമ്പര്‍ അനുവദിച്ചതും പണം വാങ്ങിയാണെന്നും ആരോപണമുയര്‍ന്നിരുന്നു. 1,55000 രൂപയുടെ പ്രവൃത്തി പൂര്‍ത്തിയാക്കി ബില്ല് മാറുന്ന സമയത്താണ് കരാറുകാരന് മണികണ്ഠനോട് 30, 000 രൂപ ആവശ്യപ്പെട്ടത്.
പഞ്ചായത്തില്‍ നിന്നും ചെക്ക് നല്കിയ ശേഷം കരാറുകാരന് മണികണ്ഠനെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.ടി. ജലീല്‍ ആണ് വിളിക്കുന്നത്. പിന്നീട് ഫോണ്‍ കൈമാറി പ്രസിഡന്റാണ് പണം ആവശ്യപ്പെടുന്നത്. പണം കിട്ടാന്‍ കാലതാമസം നേരിട്ടപ്പോള്‍ പ്രസിഡന്റ് എന്‍.ജനാര്ദ്ദനന് കരാറുകാരന് മണികണ്ഠനെ നേരിട്ട് വിളിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തു വന്നിട്ടുണ്ടായിരുന്നു.
ഇതില്‍ തുക നല്കാന് കഴിയില്ലെന്ന് കരാറുകാരന് പറയുന്നുണ്ട്. ഇനി പഞ്ചായത്തിലെ കരാര്‍ തനിക്ക് വേണ്ടെന്നും കരാറുകാരന് പ്രസിഡന്റിനെ അറിയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: