ആലപ്പുഴ: കയര്‍മേഖലയുടെ വികസനത്തിന് എന്ന പേരില്‍ സംഘടിപ്പിക്കുന്ന കയര്കേരളയ്ക്കായി ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത് അഞ്ചു കോടി. പതിനായിരക്കണക്കിന് കയര്‍ തൊഴിലാളികള്‍ക്ക് കയര്‍മേള ഒരു തരത്തിലും പ്രയോജനമാകുന്നില്ല.
മുന്‍ സര്‍ക്കാരുകളുടെ കാലത്തു നടന്ന മേളകളിലും ഇതായിരുന്നു അവസ്ഥ. ഇത്തരം മേളകള്‍ ധൂര്‍ത്താണെന്നും അനാവശ്യ ചിലവുകള്‍ സൃഷ്ടിച്ചു സര്‍ക്കാരിന് നഷ്ടം ഉണ്ടാകുമെന്നല്ലാതെ കയര്‍ മേഖലയ്ക്ക് ഒരു ഗുണവും ഇല്ലെന്നായിരുന്നു ഇത്തവണ കയര്‍മേളയ്ക്ക് നേതൃത്വം നല്കുന്ന മന്ത്രി തോമസ് ഐസക്കിന്റെ നേരത്തെയുണ്ടായിരുന്ന അഭിപ്രായം. കയര്‍ മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഇപ്പോഴും പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടായിട്ടില്ല.
വര്‍ഷത്തില്‍ ഇരുനൂറ്റി അമ്പതു ദിവസം തൊഴില്‍ നല്‍കുമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയില്‍. എന്നാല്‍ വര്‍ഷം അമ്പതു ദിവസത്തെ തൊഴില്‍ പോലും നല്കാന് കഴിഞ്ഞിട്ടില്ല. മുന്‍പ് ചകിരി വില കുറഞ്ഞപ്പോള്‍ ഉല്‍പ്പന്ന വില ഇരുപത്തിനാലു ശതമാനം കുറച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചകിരി വില ക്രമാതീതമായി വര്‍ദ്ധിച്ചു എണ്ണൂറ്റി അമ്പതു രൂപയായി. വിലവര്‍ദ്ധനക്ക് അനുസരിച്ചു ഉത്പന്ന വില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്നാണ് വിമര്‍ശനമുയരുന്നു.
ചെറുകിട ഉത്പാദകര്‍ക്കും സംഘങ്ങള്‍ക്കും നിയന്ത്രിത വിലയില്‍ ചകിരി ലഭ്യമാക്കുമെന്ന പ്രഖ്യാപനവും യാഥാര്‍ത്ഥ്യമായില്ല. കയര്‍ സഹകരണ സംഘങ്ങള്‍ക്കുള്ള ഷെയര്‍ ഗ്രാന്റ് അടക്കമുള്ള മറ്റു സഹായങ്ങള്‍ വകമാറ്റി വര്‍ക്കിങ് കാപിറ്റല്‍ ആക്കി മാറ്റാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇത് സഹകരണ മേഖലയെ സാരമായി ബാധിക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ട ഒരു പരമ്പരാഗത വ്യവസായം എന്ന നിലയില്‍ കയറിന് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യത്തോടും സംസ്ഥാനം മുഖം തിരിക്കുകയാണ്. ഇന്‍കം സപ്പോര്‍ട്ട് സ്കീം അനുസരിച്ചുള്ള സര്‍ക്കാര്‍ വിഹിതം കഴിഞ്ഞ എട്ടു മാസത്തോളമായി ഭൂരിഭാഗം തൊഴിലാളികള്‍ക്കും ലഭിച്ചിട്ടില്ല.
ചെറുകിട ഉത്പാദകാരുടെ ഉത്പന്നങ്ങള്‍ സംഭരിക്കാത്തതുമൂലം ഉത്പാദന മേഖല തന്നെ വലിയ പ്രതിസന്ധി നേരിടുകയാണ്. കയര്‍ തൊഴിലാളികള്‍ക്കു വാഗ്ദാനം ചെയ്ത കൂലി വര്‍ദ്ധന നടപ്പായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: