ചെങ്ങന്നൂര്‍: മരുമകളുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തി കൊലചെയ്ത കാര്‍ണവരുടെ വീട് വില്‍പ്പനയ്‌ക്ക്. ചെറിയനാട് തുരുത്തിമേല്‍ കാര്‍ണവേഴ്‌സ് വില്ലയില്‍ ഭാസ്‌കരകാര്‍ണ്ണവര്‍(67) ആണ് 2009 നവംബര്‍ ഒന്‍പതിന് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടത്.
ചെറിയനാട് പഞ്ചായത്തിലെ ആഡംബര വീടുകളില്‍ ഒന്നായിരുന്നു കാര്‍ണവേഴ്‌സ് വില്ല. അമേരിക്കയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാര്‍ണവര്‍ വിശ്രമജീവിതം നയിക്കാനാണ് ചെറിയനാട്ടുള്ള കുടുംബ വീതത്തില്‍ വീട് വച്ച് താമസം ആരംഭിച്ചത്. ഇളയ മകന്‍ ബിനു, മരുമകള്‍ ഷെറിന്‍ എന്നിവരോടൊപ്പമായിരുന്നു കാര്‍ണവരുടെ താമസം. ഷെറിന്റെ അവിഹിത ബന്ധങ്ങളാണ് കാര്‍ണവരുടെ കൊലപാതകത്തില്‍ എത്തിച്ചേര്‍ന്നത്.
കൊലപാതകത്തിന് ശേഷം ഇവിടെ ആരും താമസിച്ചിരുന്നില്ല. വീടിനോടൊപ്പമുള്ള ഔട്ട് ഹൗസ് വാടകയ്‌ക്ക് നല്‍കിയിരിക്കുകയാണ്. കാര്‍ണവരുടെ മക്കള്‍ അമേരിക്കയില്‍ സ്ഥിര താമസമാണ്. ഇവര്‍ നാട്ടില്‍ വരുമ്പോള്‍ അടുത്ത ബന്ധുക്കളുടെ വീടുകളിലാണ് താമസിച്ചിരുന്നത്. എറണാകുളം സ്വദേശിയായ അഭിഭാഷകനെയാണ് വീട് വില്‍ക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
ഷെറിന്‍, കോട്ടയം കുറിച്ചി സചിവോത്തമപുരം കോളനിയില്‍ കാലായില്‍ വീട്ടില്‍ ബാസിത് അലി, എറണാകുളം കളമശ്ശേരി ബിനാമിപുരം കുറ്റിക്കാട്ടുകര നിധിന്‍ നിലയത്തില്‍ ഉണ്ണി എന്ന നിധിന്‍, എറണാകുളം ഏലൂര്‍ പാതാളം പാലത്തിങ്കല്‍ വീട്ടില്‍ ഷാനുറഷീദ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കേസി ന്റെ വിചാരണ കാലയളവില്‍ ഏറ്റവുമധികം വാര്‍ത്തകള്‍ നിറഞ്ഞുനിന്നിരുന്നത് കാര്‍ണവേഴ്‌സ് വില്ലയായിരുന്നു.
പ്രതികളെല്ലാം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. മോഷണത്തിനിടയിലുള്ള കൊലപാതകം എന്ന രീതിയിലായിരുന്നു ആദ്യ പ്രചരണം. എന്നാല്‍ അന്വേഷണത്തിന്റെ പ്രാരംഭ ദിശയില്‍ തന്നെ അടുത്ത പരിചയക്കാരുടെ സഹായത്തോടെ നടത്തിയ കൊലപാതകമാണന്ന് പോലീസിന് മനസ്സിലായിരുന്നു.
ഇതേത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം കാര്‍ണവരുടെ മരുമകള്‍ ഷെറിനെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികള്‍ അറസ്റ്റിലായത്.
















