കച്ചവടത്തില്‍ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ഇടത്തരം കുടുംബത്തില്‍ ജനനം. വില്ലേജ് ഓഫീസറായി വിരമിച്ച പരേതനായ ശശിധരന് നായരുടേയും ഹെഡ്മിസ്ട്രസായിരുന്ന ലീലാമ്മയുടേയും മൂന്ന് മക്കളില്‍ മൂത്തയാള്‍. സ്വന്തമായൊരു ബിസിനസ് എന്ന ആശയം മനസ്സിലുദിച്ചപ്പോള്‍, അത് ജനങ്ങള്‍ നിത്യവും കണികാണുന്ന നന്മയുടെ വ്യാപാരമാകാമെന്ന് ഉറപ്പിച്ചു.
അങ്ങനെയാണ് കാട്ടാക്കട ശ്രീകൃഷ്ണപുരം വൃന്ദാവനില്‍ ബിജു.എസ്.നായര്‍ പത്ത് വര്‍ഷം മുമ്പ് പാല്‍ക്കാരനായത്. ഭാര്യ പ്രിയംവദയുടെ ആഭരണങ്ങളും ഭാര്യാപിതാവ് സുകുമാരന്‍ നായര്‍ സ്നേഹത്തോടെ നല്കിയ 25000 രൂപയും മാത്രമായിരുന്നു മൂലധനം. മൂത്ത മകള്‍ ജ്യോത്സനയുടെ ചെല്ലപ്പേരില്‍ ശ്രീക്കുട്ടി അസോസിയേറ്റ് എന്ന പേരില്‍ ഉല്പാദന വിതരണ കമ്പനി ആരംഭിച്ചു.
ജില്ലയില്‍ പാല് വിതരണം നടത്തുന്ന ഒരു ഏജന്‍സി എന്നതിനപ്പുറം ഒരു പകിട്ടും ആരുമതില്‍ കണ്ടില്ല. കഠിനാധ്വാനം മാത്രം കൈമുതലാക്കി, തോല്ക്കാന് കൂട്ടാക്കാത്ത മനസുമായി വ്യാപാര ലോകത്തേക്ക് ചുവടുവച്ച ശ്രീകൃഷ്ണപുരത്തെ പാല്‍ക്കാരന്റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു.
നൂറില്‍പ്പരം തൊഴിലാളികളും അറുപതിലധികം വാഹനങ്ങളും കേരളത്തിന്റെ പ്രധാന ജില്ലകളിലെല്ലാം ഒഫീസുകളുമുള്ള വ്യവസായിയുടെ പട്ടികയിലേക്ക് ബിജുവിന്റെ പേരും എഴുതി ചേര്‍ക്കപ്പെട്ടു. നാല്‍പ്പതിനായിരം രൂപയുമായി കച്ചവടത്തിനിറങ്ങിയ ബിജുവിന്റെ കമ്പനിയുടെ ഇന്നത്തെ പ്രതിമാസ വിറ്റുവരവ് 1.25 കോടി.
പാല്, കുപ്പിവെള്ളം, പഴച്ചാര്‍, ഐസ് ക്രീം, ആരോഗ്യ വര്‍ധക ഉല്പന്നങ്ങള് എന്നിവയുടെ വിപണനത്തിലൂടെയാണ് ശ്രീക്കുട്ടി അസോസിയേറ്റ് 15 കോടിയുടെ വാര്‍ഷിക വിറ്റുവരവ് ഉണ്ടാക്കുന്നത്. ഇതിനു പുറമെ ശീതളപാനീയങ്ങളുടെ വിതരണ ശൃംഖലയ്ക്കായി ഇളയ മകള്‍ അനസൂയയുടെ ചെല്ലപ്പേരില്‍ കല്യാണി ഏജന്‍സീസ് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിമാസം 40 ലക്ഷം രൂപ വിറ്റുവരവ് ലഭിക്കുന്നുണ്ട്. പ്രവര്‍ത്തന മികവിന് 2014 ല്‍ ശ്രീക്കുട്ടി അസോസിയേറ്റ് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റിനും അര്‍ഹത നേടി.
ശൂന്യതയില്‍ നിന്നു തുടങ്ങി പടിപടിയായി ഒരു വ്യാപാര സാമ്രാജ്യത്തിന്റെ അധിപനായി മാറിയ ബിജുവിന്റെ ജീവിതം ആര്‍ക്കും മാതൃകയാക്കാവുന്ന ഏടാണ്. വിജയരഹസ്യത്തെ കുറിച്ച് ബിജുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘സ്നേഹം, ദയ, സത്യസന്ധത പിന്നെ അധ്വാനിക്കാനുള്ള മനസ്സ്, ഇത്രയുമുണ്ടെങ്കില്‍ കച്ചവടത്തിലെന്നല്ല, ജീവിതത്തില്‍ നമ്മെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല’.
ശ്രീക്കുട്ടിയുടെ ഉദയം
ബിഎ ബിരുദധാരിയായ ബിജു തലസ്ഥാനത്തെ ഒരു സ്വകാര്യ പാല് വിതരണ കമ്പനിയുടെ സെയില്‍സ് മാനേജറായി ജോലി നോക്കി വരികയായിരുന്നു. ഉത്സാഹിയും അര്‍പ്പണബോധവുമുള്ള ഈ ചെറുപ്പക്കാരന് ചുരുങ്ങിയ കാലം കൊണ്ട് വിതരണ കമ്പനികള്‍ക്ക് പ്രിയപ്പെട്ടവനായി. അങ്ങനെയിരിക്കെ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു പാല് വിതരണ കമ്പനി ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ബിജുവിനെ അവരുടെ സെയില്‍സ് മാനേജരാക്കി.
ജില്ലയിലുടനീളം ഈ കമ്പനിക്ക് വേരോട്ടമുണ്ടാക്കാന്‍ ബിജുവിന് അധിക സമയം വേണ്ടി വന്നില്ല. ആയിടയ്ക്കാണ് പാല് വില പെട്ടന്ന് ഉയര്‍ന്നത്. എറണാകുളത്തു നിന്ന് പാല് തലസ്ഥാനത്ത് എത്തിക്കുമ്പോഴുണ്ടാകുന്ന അമിത ചെലവുകള്‍ കാരണം കമ്പനി ജില്ലയിലെ പാല് വിതരണത്തില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചു. ബിജുവിനെ വിശ്വസിച്ച് പാല് വിതരണക്കാരായി എത്തിയ ഏഴ് യുവാക്കള്‍ക്കും ബിജുവിനൊപ്പം തൊഴിലില്ലാതെയായി.
ബാങ്ക് വായ്പയെടുത്ത് പാല് വിതരണത്തിനായി ഇവര്‍ അഞ്ചോളം ചെറുവാഹനങ്ങള്‍ വാങ്ങിയിരുന്നു. ഈ വായ്പകളുടെയെല്ലാം തിരിച്ചടവ് മുടങ്ങി. വണ്ടികളെല്ലാം ഷെഡ്ഡിലായി. നിത്യ ചിലവുകള്‍ക്ക് പോലും വഴിയില്ലാതെ അവര്‍ വിധിയെ പഴിച്ച് വീടുകളില്‍ ഒതുങ്ങിക്കൂടി. മുന്നോട്ടുള്ള ജീവിതം അവര്‍ക്കെല്ലാം ചോദ്യചിഹ്നമായി.
തനിക്കൊപ്പം നിന്നവരെ കൈവിടാന്‍ ബിജുവിന് കഴിയുമായിരുന്നില്ല. തിരുവനന്തപുരത്ത് വിതരണമില്ലാതിരുന്ന മുളകുമൂട്ടിലെ ക്ഷീരകര്‍ഷക കൂട്ടായ്മ ഉത്പാദിപ്പിക്കുന്ന നാഞ്ചില് മില്‍ക്കിന്റെ വിതരണ ദൗത്യം ബിജു ഏറ്റെടുത്തു. ഇതായിരുന്നു ശ്രീക്കുട്ടി അസോസിയേറ്റിന്റെ ആദ്യചുവടുവയ്പ്പ്.
പാലിനൊപ്പം മറ്റ് ഉല്പന്നങ്ങളിലേക്ക്
നാട് ഉറങ്ങുമ്പോള്‍ വിതരണത്തിന് പോവുകയും, ഉണരുമ്പോള്‍ തിരികെ എത്തുകയും ചെയ്യുന്നവരാണ് പാല് വ്യാപാരികള്‍. കുഞ്ഞുകുട്ടി പരാധീനതകളുള്ള തന്റെ തൊഴിലാളികള്‍ക്ക് ഇതില്‍ നിന്നുള്ള വരുമാനം മാത്രം കൊണ്ട് ജീവിതം തള്ളിനീക്കാനാവില്ല. രാവിലെ പാല് വിതരണം കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് മറ്റൊരു ജോലിക്കും പോകാനും സാധിക്കില്ല.
ഈ ചിന്തയാണ് ശീതളപാനീയങ്ങളിലേക്കും ആരോഗ്യ വര്‍ധക ഉല്പന്നങ്ങളിലേക്കും തിരിയാന്‍ ബിജുവിനെ പ്രേരിപ്പിച്ചത്. ശ്രീക്കുട്ടി ഗ്രൂപ്പ് ഉല്പന്നങ്ങള് വിതരണത്തിനെടുക്കുമ്പോള്‍ ഗുണമേന്മയുള്ള ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നവയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. മറ്റ് ഒരിടപെടലുകളും ബിജു മുഖവിലയ്ക്കെടുക്കില്ല.
സേവന വഴിയില്‍ നിശബ്ദ സാന്നിധ്യം
സമ്പാദ്യത്തില്‍ ഒരല്പം അന്യന്റെ കണ്ണീരൊപ്പാന്‍ ഉപകരിക്കണമെന്ന വലിയ ചിന്തയാണ് ബിജുവിന്റെത്. അത് കൊട്ടിഘോഷിക്കാതെയുള്ള സ്വകാര്യതയാവണമെന്നും നിര്‍ബന്ധം. പത്രത്താളുകളിലൂടെ സഹായം തേടുന്നവരുടെ വീടുകള്‍ തേടിപ്പോകും ബിജു. പോകുന്നിടത്തേക്ക് മക്കളായ ജ്യോത്സ്നയേയും അനസൂയയേയും ഒപ്പം കൂട്ടും. തന്റെ മക്കളില്‍ സഹജീവി സ്നേഹവും ദയയും വളര്‍ത്താനാണ് ഇത്.
സഹായാഭ്യര്‍ത്ഥന നടത്തിയവര്‍ കാരുണ്യം അര്‍ഹിക്കുന്നുവെന്ന് ബോധ്യമായാല്‍ പിറ്റേ മാസം മുതല്‍ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശ്രീക്കുട്ടിയില്‍ നിന്ന് പ്രതിമാസ സഹായ നിധിയെത്തും. ഇത്തരത്തില്‍ ആജീവനാന്ത സഹായം നിരവധി പേര്‍ക്ക് നല്‍കുന്നുണ്ട് ശ്രീക്കുട്ടി അസോസിയേറ്റ്സ്. കോട്ടൂര്‍ അഗസ്ത്യ കുടീരം ബാലികാസദനത്തില്‍ അന്നദാനം, അഗസ്ത്യ ബാലസദനത്തിലെ അനാഥ ബാല്യങ്ങള്‍ക്ക് ദിവസേന പാല് വിതരണം, ഗുരുരാജ് മിഷനിലെ അന്തേവാസികളായ ഭിന്നശേഷിക്കാര്‍ക്ക് സഹായം…
ഇങ്ങനെ സേവനവഴിയില്‍ സജീവമാണ് ബിജു. തനിക്ക് മുന്നില്‍ സഹായം തേടിയെത്തുന്നവന് അര്‍ഹനെങ്കില്‍ വെറും കയ്യോടെ മടക്കരുതെന്ന് ബിജുവിന് നിര്‍ബന്ധമുണ്ട്. ഇല്ലായ്മയില്‍ നിന്ന് സമ്പദ് സമൃദ്ധിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഭഗവാനുള്ള കാണിക്കയാണതെന്ന് ബിജു വിശ്വസിക്കുന്നു.
ഈ ഉയര്‍ച്ചയില്‍ കടപ്പാട്
ഒരുപാട് സുമനസുകളുടെ പ്രാര്‍ത്ഥനയാണ് ഈ ജീവിതമെന്ന് ബിജു. ഒപ്പം പെരുംകുളത്തൂരപ്പന്റെ (പെരുംകുളത്തൂര്‍ മഹാവിഷ്ണു) അനുഗ്രഹം, അത്മാര്‍ത്ഥതയുള്ള അധ്വാനശീലരായ ജീവനക്കാര്‍, വിശ്വസിച്ച് ഒപ്പം നില്ക്കുന്ന കമ്പനി ഉടമകള്‍, ഇങ്ങനെ കടപ്പാടുകള്‍ നിരവധി പേരോടുണ്ട്.
കുട്ടിക്കാലം മുതല്‍ തനിക്കൊപ്പം കൂടിയ സുരേഷ് കമ്പനിയുടെ ഉയര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. സുരേഷിനാണ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് ചുമതല. ബിജുവിന്റെ ഭാര്യ പ്രിയംവദയാണ് കമ്പനിയുടെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: