മേലാറ്റൂര്‍: കരുവാരക്കുണ്ട് റോഡില്‍ പഴയ കെഎസ്ഇബി കെട്ടിടത്തിന് സമീപത്ത് രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാര്‍ ദുരിതമാകുന്നു. മാസ്കോ ഇന്റസ്ട്രിയല്‍ എന്ന സ്ഥാപനത്തിന് മുന്നിലാണ് റോഡിലെ ഈ കുളം.
മേലാറ്റൂര്‍ കരുവാരക്കുണ്ട് ഭാഗങ്ങളില്‍ നിന്നുള്ള മഴവെള്ളം ഇവിടെയാണ് വന്നടിയുന്നത്. സമീപകാലത്താണ് ഈ റോഡ് റബ്ബറൈസ് ചെയ്ത് നവീകരിച്ചത്. നവീകരണത്തിന് ശേഷമാണ് സ്ഥിതി ഇത്രയും മോശമായത്. വെള്ളം കെട്ടിനില്ക്കാന് സാധ്യതയുള്ള സ്ഥലത്ത് ശാസ്ത്രീയമായി ഓവുചാല്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍ പ്രശ്നമുണ്ടാകില്ലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
ഉപജീവനമായ സ്ഥാപനം അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ് മാസ്കോ ഇന്റസ്ട്രിയല്‍ ഉടമ. വെള്ളക്കെട്ട് മൂലം ആളുകള്‍ തന്റെ സ്ഥാപനത്തിലേക്ക് വരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. സാമ്പത്തിക ന്ഷ്ടമുണ്ടാകുന്നുണ്ടെന്ന് കാണിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
വെള്ളക്കെട്ടിലെ ചെളി റോഡിന്റെ കാല് ഭാഗത്തോളം നിറഞ്ഞതിനാല്‍ കാല്‍നടയാത്രക്കാര്‍ ഇവിടെ എത്തുമ്പോള്‍ റോഡിന്റെ നടുവിലൂടെയാണ് പലപ്പോഴും നടക്കുന്നത്. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു. 5000ത്തോളം കുട്ടികള്‍ പഠിക്കുന്ന തൊട്ടടുത്തുള്ള സ്കൂളിലേക്ക് കുട്ടികള്‍ വരുന്നതും പോകുന്നതും ഈ റോഡിലൂടെയാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: