മറ്റുള്ളവര്‍ പറയുമ്പോഴാണ് പ്രശ്നം. മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പറഞ്ഞതുകൊണ്ട് മുറുമുറുപ്പുണ്ടായാലും വിഴുങ്ങുകയേ നിവര്‍ത്തിയുള്ളൂ.കിട്ടുന്നതുകൊണ്ട് തൃപ്തരാകാത്ത ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് പൊതുമരാമത്തു വകുപ്പിന്റെ ദുരവസ്ഥയ്ക്കു കാരണമെന്നാണ് പിണറായി പറഞ്ഞത്. പൊതുമരാമത്തു മന്ത്രി ജി.സുധാകരനെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞത്.
ഇത്തരം ആര്‍ത്തിയും അഴിമതിയുമൊക്കെ പുതിയ കാര്യമല്ല.കാലാകാലങ്ങളായി ചീര്‍ത്തു വീര്‍ത്തു വളര്‍ന്നൊരു സാമൂഹിക ക്യാന്‍സറാണിത്. എല്ലാവര്ക്കും എല്ലാം അറിയാം. പക്ഷേ കണ്ടില്ലെന്നു നടിക്കുകയാണ്. ഫലത്തില്‍ അത് ഇക്കൂട്ടര്‍ക്ക് പിന്നേയും കെടുകാര്യസ്ഥതയും അഴിമതിയും നടത്താന്‍ വഴിയുണ്ടാക്കുന്നു. ഏറിയാല്‍ ഒരു സസ്പെന്ഷന്.അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍. അതൊക്ക യൂണിയന് ഇടപെട്ടാല്‍ തീരുന്ന പ്രശ്നമേയുള്ളൂവെന്ന് അവര്‍ക്കറിയാം.
പൊതുമരാമത്തില്‍ മാത്രമല്ല എല്ലാ വകുപ്പിലും ഇതുതന്നെയാണ് സ്ഥിതി. ജീവിക്കാന്‍ കിട്ടുന്ന ശമ്പളത്തിനു പുറമെ പലമടങ്ങ് ശമ്പളം പറ്റി അടിപൊളിയായി അര്‍മാദിക്കുകയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലരും. സര്‍ക്കാര്‍ ജോലി എന്നത് കൊള്ളയടിച്ചു കാശുണ്ടാക്കാനാണെന്നാണ് ഇത്തരക്കാരുടെ പ്രമാണം. ജന സേവനത്തിനു പകരം സ്വയം സേവിച്ച് പൊതുജനത്തെ പരമാവധി ദ്രോഹിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍ ഉണ്ടായിട്ടും കാര്യങ്ങള്‍ നടക്കുന്നില്ല. അഴിമതി നടത്തി പൊതുജനത്തിനു ശാപമായ സര്‍ക്കാര്‍ വകുപ്പുകള്‍ എന്തിനെന്നാണ് ജനം ചോദിക്കുന്നത്.
എന്നാല്‍ നമ്മള് ആദരിച്ചുപോകുംവിധം സമൂഹത്തോടു പ്രതിബദ്ധത പുലര്‍ത്തി കൃത്യമായും സത്യസന്ധമായും ജാലി ചെയ്യുന്നവരുണ്ട്. അതേതായാലും ഭൂരിപക്ഷമാവില്ല.സത്യസന്ധരാണ് എന്ന ഒറ്റക്കാരണത്താല്‍ ഇത്തരക്കാര്‍ പീഡിപ്പിക്കപ്പെടുകയാണ്. അഴിമതിക്കാരുടെ കൂട്ടുസംഘം ഇവര്‍ക്കെതിരെ നടത്തുന്ന ചതിപ്രയോഗങ്ങള്‍ പരസ്യമായ രഹസ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: