കോട്ടയം: നാളീകേര സംരക്ഷണ പദ്ധതികള്‍ നിലച്ചതിനാല്‍ കര്‍ഷകര്‍ക്ക് ആശ്വാസമായുണ്ടായിരുന്ന സംഭരണവും പ്രതിസന്ധിയിലായി. നാളീകേര കര്‍ഷകരെ സംരക്ഷിക്കാന്‍ നടപ്പാക്കിയ പദ്ധതികളെല്ലാം നിര്‍ജീവമായി. കര്‍ഷകരുടെ കൈകളില്‍ ആനുകൂല്യം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിഭവന്‍ വഴി കര്‍ഷകരെ കണ്ടെത്തി നാളീകേര വികസന സമിതി രൂപീകരിച്ചയായിരുന്നു പ്രവര്‍ത്തനം. ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഇത്തരത്തില്‍ സമിതി രൂപീകരിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പ് വരെ സമിതികള്‍ ഉണ്ടായിരുന്നു. കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായിരുന്ന കേടായ തെങ്ങ് വെട്ടിമാറ്റല്‍, സൗന്യ നിരക്കില്‍ വളം എന്നിവ സമിതികള്‍ മുഖേന നടപ്പാക്കി. കൂടാതെ മണ്ഡരി രോഗബാധയെ ചെറുക്കാന്‍ കീടനാശിനി തളിക്കലും നടന്നു .കൃഷിഭവന്‍ വഴി ചെല്ലിയെ പിടികൂടി നശിപ്പിക്കുന്നതിനും എലി നശീകരണത്തിനും പദ്ധതികളുമുണ്ടായിരുന്നു. കൂടാതെ നല്ലയിനം തെങ്ങിന്‍ തൈകള്‍ കുറഞ്ഞ വിലയ്‌ക്ക് കര്‍ഷകര്‍ക്ക് നല്‍കുക, കര്‍ഷകരില്‍ നിന്ന് വിത്തു തേങ്ങ സംഭരിക്കുക തുടങ്ങിയ പദ്ധതികലും നടപ്പാക്കി. എന്നാല്‍ ഈ പദ്ധതികള്‍ ഉണ്ടോന്ന് പോലും ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല.
















