ഒറ്റപ്പാലം:ഒറ്റപ്പാലത്ത് അനധികൃത മാംസ വിപണനം വ്യാപകമാകുമ്പോഴും അധികാരികള്‍ മൗനം പാലിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമാകുന്നു. ഒറ്റപ്പാലം നഗരത്തില്‍ അനധികൃതമായി നടത്തുന്ന വഴിയോര മത്സ്യ മാംസ വിപണനം തടയാന്‍ അധികാരികള്‍ നടപടി സ്വീകരിക്കാത്തതില്‍ വന്‍ പ്രതിഷേധമാണുയരുന്നത്.
ലൈസന്‍സില്ലാതെ നടത്തുന്ന ഇത്തരം കച്ചവടം തടയുന്നതില്‍ പോലീസ് മൗനം പാലിക്കുന്നതായും ആക്ഷേപം ഉയരുന്നു. കുളപ്പുള്ളി പത്തിരിപ്പാല സംസ്ഥാന പാതയോരങ്ങളില്‍ അനധികൃതമായി നടത്തുന്ന മത്സ്യമാംസ വില്‍പ്പനക്കാര്‍ക്കും വഴിയോര വാണിഭക്കാര്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
ഇത്തരം വഴിയോര കച്ചവടം മൂലം പൊതുവഴിയോരം ദുര്‍ഗ്ഗന്ധം വമിക്കുന്നതും തെരുവ് നായ്ക്കളുടെ ശല്യം വര്ദ്ധിക്കുന്നതുമായുള്ള പരാതികള്‍ നിലനില്ക്കുന്നു. വഴിവാണിഭം നടത്തുന്നതിനായി നിര്‍മ്മിക്കുന്ന താല്‍ക്കാലിക ഷെഡുകളും തട്ടുകടകളും വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോല തടസ്സം സൃഷ്ടിക്കുന്നു.
അനധികൃത വഴിയോര വിപണനകേന്ദ്രങ്ങള്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കെണ്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ണടച്ച് അനുവാദം നല്കുന്നതില് ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ഒരുകൂട്ടം മാംസ വ്യാപാരികള്‍ വ്യാപകമായി നടത്തുന്ന മാംസ വില്‍പ്പന തടയുവാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു അധികാരമുണ്ടെന്നിരിക്കെ നടപടികള്‍ കൈകൊള്ളുന്നില്ല.
ഇതു മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമാണ് ഉണ്ടാകുക.മാരകമായ രോഗങ്ങള്‍ ബാധിച്ച ഉരുക്കളെ വൈദ്യ പരിശോധന നടത്താതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച് വൃത്തിഹീനങ്ങളായ സ്ഥലത്ത് കശാപ്പ് നടത്തി വില്‍പ്പന നടത്തുന്ന മാംസവ്യാപാരികള്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണ്.പഴകിയ മാംസം കഴിക്കുന്നത് ജീവനുവരെ ഭീഷണിയാവുന്നതാണ.്
ആധുനിക അറവുശാലകളില്‍ അറുത്തമാംസങ്ങള് ശുദ്ധമായി ഉപഭോക്താക്കള്‍ക്കു നല്‍കണമെന്ന ചട്ടം നിലവിലുണ്ടെങ്കിലും വില്പനക്ക് ആവശ്യമുള്ള ഉരുക്കളെ നടത്തിപ്പുകാരുടെ വീടുകളില്‍ കശാപ്പു നടത്തി മാംസങ്ങളാക്കിയാണ് വില്പന.
ഇത്തരം അനധികൃത കശാപ്പിനും മാംസവില്‍പ്പന കേന്ദ്രങ്ങള്‍ക്കും ഭരണാധികാരികള്‍ പിന്തുണ നല്‍കുന്നതായും ആരോപണമുണ്ട്. എന്നാല്‍ നഗരസഭക്ക് സ്വന്തമായി ആധുനിക സജ്ജീകരണ അറവുശാലയില്ലാത്തതും പ്രധാനകാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: