രാമലീലയുടെ വിജയം കഥാപാത്രമായ രാമനുണ്ണിയുടെ മാത്രമല്ല നടന് ദിലീപിന്റെയും കൂടിയാണ്. മറിച്ചും ചിന്തിക്കാം. ദിലീപിന്റെ ഇന്നത്തെ അവസ്ഥയില്‍ അദ്ദേഹത്തോടു തോന്നുന്ന വിവിധ വികാരങ്ങളുടേയും കൂടി തിരയടിയാണ് ഈ ചിത്രത്തിന്റെ വിജയമെന്ന്. രാമലീല ഹിറ്റിലേക്കു നീങ്ങുകയാണെന്ന് റിപ്പോർട്ട് വരുമ്പോൾ കാരണങ്ങള്‍ പലവിധത്തിലും തിരയുകയാണ് സിനിമാലോകത്തോടൊപ്പം പ്രേക്ഷകരും.
പലസ്ഥലങ്ങളിലും ദിലീപിന്റെ ചിത്രത്തിനുമേല്‍ പാലഭിഷേകം ചെയ്തുവരെ നടന്റെ ഫാന്‍സുകാര്‍ ചിത്രത്തെ എതിരേല്‍ക്കുകയുണ്ടായി. പാട്ടും ആട്ടവും മറ്റുമായി ഇവര്‍ ഇപ്പോഴും ആഘോഷിക്കുകയാണ്. ദിലീപിന്റെ ആരാധകരും സിനിമാക്കാരും ഒന്നിലും പെടാത്ത കാഴ്ചക്കാരും ഉള്‍പ്പെടെ വിവിധ തട്ടിലുള്ളവരും രാമലീല കാണാന്‍ തിയറ്ററില്‍ എത്തിക്കഴിഞ്ഞു. കുടുംബസമേതമായും ഒഴുക്കു തുടങ്ങുകയാണെന്നാണ് സൂചനകള്‍.
ദിലീപ് എന്ന വ്യക്തിയെക്കുറിച്ചുള്ള ധാരണ എന്തുതന്നെയായാലും അദ്ദേഹത്തിലെ നടനെക്കുറിച്ചോ സിനിമയെക്കുറിച്ചോ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ വേണ്ടെന്ന തീരുമാനത്തിലാണെന്നു തോന്നുന്നു ജനം രാമലീല കാണുന്നത്. കാണാന്‍ കൊള്ളാവുന്ന സിനിമയാണെങ്കില്‍ ആരുടെ സിനിമയും കാണാം. അത് ദിലീപിന്റെതാണെങ്കില് എന്താ എന്നുകൂടി ആളുകള്‍ തീരുമാനിച്ചിരിക്കണം. അത്യാവശ്യം വേണ്ടുന്ന ചേരുവയെല്ലാം വിദഗ്ധമായി ചേരും പടിയുണ്ടെന്നു വന്നാല്‍പ്പിന്നെ സിനിമ ഹിറ്റാവുകയേയുള്ളു. അത് ഏകസ്വരത്തില്‍ തന്നെ മാധ്യമങ്ങള്‍ പറയുന്നുമുണ്ട്.
നാളുകള്‍ക്കുശേഷം നല്ലൊരു പൊളിറ്റിക്കല്‍ ത്രില്ലര്‍ അനുഭവിച്ച സംതൃപ്തിയിലാണ് കാഴ്ചക്കാര്‍ തിയറ്റര്‍ വിടുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നും മറ്റൊന്നിലേക്കു മാറുകയും തുടര്‍ന്ന് നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിച്ച് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ വിധി സ്വയംമാറ്റി എഴുതിയ രാമനുണ്ണിയുടെ ത്രസിപ്പിക്കുന്ന ജീവിതമാണ് രാമലീല.
അതിന്റെ ചടുല ഭാവങ്ങള്‍ ഒട്ടും തന്നെ ചോരാതെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ട്വിസ്റ്റുകളും ഞെട്ടിക്കുന്ന ക്ളൈമാക്സുകളും നിറഞ്ഞ രണ്ടര മണിക്കൂര്‍. നിലവാരമില്ലാത്ത കോമഡികളില്ലാതെ പ്രമേയത്തിന്റെ ഗൗരവം നിലനിര്‍ത്തി ദിലീപുപോലും രാമനുണ്ണിലിലൂടെ വ്യത്യസ്തനാണ്. അതിലുപരിയായി ദിലീപിന്റെ ഇന്നത്തെ അവസ്ഥ ഒരു പ്രവചനം പോലെ നേരത്തെ എഴുതപ്പെട്ടതുള്പ്പെടെ പല കാരണങ്ങള്‍കൊണ്ടാണ് ഇൗ ചിത്രം ഹിറ്റാകുന്നത്.
ദിലീപിനോടുള്ള സഹതാപത്താല്‍ സ്വന്തം കൈയ്യിലെ കാശുമുടക്കി ഇല്ലാത്ത സമയത്ത് തിരക്കില്‍ കാത്തുകെട്ടിക്കിടന്നു സിനിമ കാണാന്മാത്രം മണ്ടന്മാരല്ല മലയാളികള്‍. ദിലീപെന്ന വ്യക്തി കുറ്റവാളിയാണെങ്കില്‍ അയാള്‍ക്കു കടുത്ത ശിക്ഷ കിട്ടുക തന്നെ വേണമെന്നു പറയുന്നവര്‍ തന്നെയാണ് രാമലീല കാണാന്‍ ക്യൂ നില്‍ക്കുന്നത്. ആരോപണ വിധേയനാണ് എന്ന പേരില്‍ അയാളുടെ സിനിമ എന്തുപിഴച്ചു എന്നും ഇവര്‍ ചിന്തിച്ചിരിക്കണം. സിനിമ ഒരു കൂട്ടായ്മയാണ് നിരവധിപേരുടെ വിയര്‍പ്പാണ്. രാമലീല ദിലീപിന്റെമാത്രം സിനിമയല്ല. ദിലീപിനെതിരെയുള്ള അതിരു കവിഞ്ഞ വിമര്‍ശനംപോലും ഒരര്‍ഥത്തില്‍ സിനിമയെ സഹായിച്ചിട്ടുണ്ടോ എന്നു പോലും സംശയിക്കേണ്ടതായിരിക്കുന്നു.
രാമലീല കാണരുതെന്നും കാണുന്നവരെ ശരിയാക്കുമെന്നും വരെ ഭീഷണി മുഴക്കിയവരുണ്ട്.ഇതു പറയാന്‍ ഇത്തരക്കാര്‍ ആര് എന്ന ചോദ്യവും സ്വാഭാവികമായിരുന്നു. ഇത് ആക്രമിക്കപ്പെട്ട നടിയോടുള്ള അനുകൂലഭാവത്തെക്കാള് ദിലീപിനോടുളള വൈരാഗ്യമാണെന്നും തോന്നിയിരിക്കാം പ്രേക്ഷകന്. എന്നാല്‍ രാമലീല കണ്ടിട്ടു തന്നെ കാര്യം എന്നു ഉറപ്പിച്ചവരും ഉണ്ടാകാം.
സിനിമ കാണണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. നല്ലതാണെങ്കില്‍ ആരുടെ സിനിമയാണെങ്കിലും ആള് കേറും. മൂന്നുമാസമായി സിനിമാമേഖല തകര്‍ന്നു കിടക്കുകയാണ്. ഓണത്തിനിറങ്ങിയ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍പോലും പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. അതിനിടയിലാണ് രാമലീലയെ കാണാവുന്ന സിനിമ എന്നു പ്രേക്ഷകർ വിധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: