മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിന്റെ മലയോര മേഖലയിലൂടെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മലയോര ഹൈവെ അട്ടിമറിക്കാന്‍ ശ്രമം. മലയോര മേഖലകളുടെ വികസനം ലക്ഷ്യമാക്കിയാണ് ഇരുപത് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പ്രസ്തുത പദ്ധതിക്ക് രൂപം നല്‍കിയത്. കാസര്‍ക്കോട് മുതല്‍ കന്യാകുമാരി വരെയുള്ളതാണ് പദ്ധതി.
മണ്ണാര്‍ക്കാടിന്റെ മലയോര മേഖലയായ തിരുവിഴാംകുന്ന്,കരിയോട്,കണ്ടമംഗലം വഴി പോകേണ്ട ഹൈവെ പലകാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇതിലൂടെ തിരുവിഴാംകുന്ന്,കരിയോട്,കണ്ടമംഗലം,മൈലാംമ്പാടം പ്രദേശങ്ങളില്‍ നടക്കേണ്ട വികസനങ്ങള്‍ നീണ്ടു പോവുകയാണ്. 3500 കോടി രൂപയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഒന്നാംഘട്ട പണികള്‍ പൂര്‍ത്തിയായെങ്കിലും രണ്ടാംഘട്ടം ഇഴഞ്ഞു നീങ്ങുകയാണ്. രണ്ടാംഘട്ടത്തിനായി 1000 കോടി രൂപ സര്‍ക്കാര്‍ കിഫ്ബി പദ്ധതിയിലൂടെ വകയിരുത്തിയിട്ടുണ്ട്.
മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രൊപ്പോസല്‍ അനുസരിച്ച് പൊന്‍പാറ,എടത്തനാട്ടുകര,കാപ്പുപറമ്പ്,ഇരട്ടവാരി,കാരിയോട്,കണ്ടമംഗലം,നെച്ചുള്ളി,പൂളച്ചിറ,കൈതച്ചിറ,ചേറുംകുളം,മെഴുകുംപാറ,തെങ്കര,കാഞ്ഞിരം,പാലക്കയം,മുതുകുറുശ്ശി തുടങ്ങിയ മലയോര മേഖലകളിലൂടെയാണ് റോഡിന്റെ ഗതി നിര്‍ണ്ണയിച്ചിരുന്നത്. ഇതില്‍ ഇരട്ടവാരി മുതല്‍ കരിയോട് വഴി പോകേണ്ട പാതക്കാണ് വനം വകുപ്പിന്റെ അനുമതി വേണ്ടത്.
തിരുവിഴാംകുന്ന്,കോട്ടോപ്പാടം,കുമരംപുത്തൂര്‍ വഴി എന്‍എച്ച് 966-ല്‍ യോജിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. മാത്രമല്ല താലൂക്കിലെ പ്രധാന മലയോര മേഖലകളൊന്നും പദ്ധതിയുടെ കീഴില്‍ വരില്ലെന്ന് മാത്രം. ഇതിലൂടെ മലയോര ഹൈവെ എന്ന ലക്ഷ്യം അട്ടിമറിക്കപ്പെടുകയാണ്. ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും രാഷ്ട്രീയ പകപോക്കലാണ് ഇതിനു പിന്നില്‍. മലയോര പാതകള്‍ക്ക് വീതികുറവാണെന്നുള്ളതാണ് ഇതിനെല്ലാം മുട്ടുന്യായം പറയുന്നത്. പദ്ധതിക്കായി സ്ഥലം വിട്ടു നല്കാന് ജനങ്ങള്‍ തയ്യാറാണെങ്കിലും അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ രാഷ്ട്രീയ പ്രതിനിധികളോ തയ്യാറാകുന്നില്ല.
വനം വകുപ്പിന്റെ സ്ഥലമല്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത് അഥവാ ഉണ്ടെങ്കില്‍ തന്നെ ഇതിനായി അപേക്ഷ നല്കിയുട്ടുമില്ല.കരിയോട് ഭാഗത്ത് വനമേഖല ഉള്‍പെടുത്താതെ തന്നെ റോഡ് നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഇവിടെയുള്ളവര്‍ പറയുന്നു.ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ തത്പര കക്ഷികളുടെയും താത്പര്യങ്ങള്‍ക്ക് വഴങ്ങി പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതി ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: