തിരുവനന്തപുരം: വിദ്യാഭ്യാസ വായ്‌പയെടുത്ത് കടക്കെണിയിലായ കുടുംബങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ചു. ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധസംഗമം ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വായ്‌പാ തിരിച്ചടവ് സഹായ പദ്ധതിയിലെ അന്യായ ഉപാധികള്‍ പിന്‍വലിക്കുക, സ്ഥിരവരുമാനമില്ലാത്തവരുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, ജപ്തി നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ സംഗമം നടത്തിയത്. വിവിധ ജില്ലകളില്‍ നിന്ന് നൂറുകണക്കിനുപേര്‍ പങ്കെടുത്തു. എം.വി. ചെറിയാന്‍ അധ്യക്ഷനായി. എസ്. മിനി, മിനി കെ. ഫിലിപ്പ്, ഡോ. പി.എസ്. ബാബു, ജി.ആര്‍. സുഭാഷ്, കെ.ജെ. ഷീല തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
















