കൊച്ചി: ഹിന്ദുമതത്തിലെ ആചാരങ്ങളില്‍ ആധുനിക കാലത്തിനനുസരിച്ച് മാറ്റം വരുത്തണമെന്ന് എഴുത്തുകാരന് കെ.എല്‍. മോഹനവര്‍മ്മ. കാലാനുസൃതമായി മാറ്റം വരുത്തുമ്പോഴാണ് ആചാരങ്ങള്‍ക്ക് കൂടുതല്‍ തെളിമയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക്ക് പ്രമുഖ് ആര്.ഹരി രചിച്ച്, കുരുക്ഷേത്ര പ്രകാശന് പ്രസീദ്ധീകരിച്ച ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല ക്ഷേത്രത്തില്‍ നാല്പതുകളില് ഉണ്ടായിരുന്ന ആചാരങ്ങളല്ല ഇപ്പോള്‍ പിന്തുടരുന്നത്. അതാത് കാലത്തിനും സൗകര്യത്തിനുമനുസരിച്ച് മാറ്റം വരുന്നു. ആരാധനയിലും നടപടികളിലുമുള്ള അനാചാരങ്ങള്‍ ചര്‍ച്ചയിലൂടെ മാറ്റം വരുത്തണം. ആധുനിക കാലത്തു ജീവിക്കുന്ന കുട്ടികള്‍ ഉയര്‍ന്ന സാങ്കേതിക വിദ്യയുടെ സൗകര്യങ്ങള്‍ അനുഭവിക്കുന്നവരാണ്. എന്നാല്‍ നമ്മുടെ സംസ്കാരത്തെകുറിച്ച് അവരെ പഠിപ്പിക്കാനുള്ള സംവിധാനം ഇന്നില്ല. അവരെ മതത്തിലെ നല്ലകാര്യങ്ങള്‍ പഠിപ്പിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും മോഹനവര്‍മ്മ പറഞ്ഞു.
ഹിന്ദു സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ആര്.ഹരി ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് പുസ്തകം പരിചയപ്പെടുത്തിയ കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്.മധു പറഞ്ഞു. ഹിന്ദുസമൂഹത്തിന്റെ ആചാരപരിഷ്കരണത്തിന് മുന്നില്‍ നില്ക്കുന്ന സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തിനാണ് ആര്. ഹരി നേതൃത്വം നല്‍കുന്നത്. സ്ത്രീ, പുരുഷ സമത്വം സനാതനധര്‍മ്മം വ്യക്തമായി പറയുമ്പോള്‍ ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന പുസ്തകം ആധുനിക സമൂഹത്തെ അതോര്‍മ്മിപ്പിക്കുകയാണ്. സ്ത്രീകളെ ക്ഷേത്രദര്‍ശനത്തിന് വിലക്കുന്നതുള്‍പ്പടെയുള്ള അനാചാരങ്ങളെ തുറന്നെതിര്‍ക്കുകയാണ് ഹരിയെന്നും ഡോ.എന്‍.ആര്.മധു പറഞ്ഞു.
കുരുക്ഷേത്ര ബുക്സ് ഡയറക്ടര്‍ വിവേകാനന്ദപൈ അധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ. സരള.എസ്. പണിക്കര്‍ പുസ്തകം ഏറ്റുവാങ്ങി. ആര്.ഹരിയുടെ രചനാ സമാഹാരങ്ങളുടെ പ്രീപബ്ലിക്കേഷന്‍ ഉദ്ഘാടനം ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന അധ്യക്ഷന്‍ എല്‍. ഗോപകുമാറിന് രസീത് നല്കി ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് നിര്‍വ്വഹിച്ചു. കാവാലം അനില്‍, കെ.രാജേഷ് ചന്ദ്രന്, ഷാബുപ്രസാദ്, എം.സി. ചാന്ദിക് തുടങ്ങിയവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: