വേലൂപ്പാടം : നാട്ടുകാരെ വീഴ്‌ത്താന്‍ കെണിയൊരുക്കി പൗണ്ട് സെന്ററിലെ റോഡിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ ആള്‍മറയില്ലാത്ത കിണര്‍. ഇതുവരെ ഈ കിണറ്റില്‍ വീണ് പരിക്കേറ്റത് ആറ് പേര്‍ക്ക്. രണ്ടാഴ്ച മുന്‍പ് പ്രദേശവാസിയായ പാതാരി വീട്ടില്‍ ജെലീലിന് കിണറ്റില്‍ വീണ് പരിക്കേറ്റിരുന്നു.
പൗണ്ട് സെന്ററില്‍ നിന്നും 73 റോഡിലേക്ക് വന്നു ചേരുന്ന റോഡിലാണ് കിണര്‍. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റോഡ് വീതി കൂട്ടി കോണ്‍ക്രീറ്റ് നടത്തിയപ്പോള്‍ കിണറിന്റെ പകുതി റോഡിലേക്ക് നില്‍ക്കുകയും തുടര്‍ന്ന് ആ ഭാഗം കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ച് മൂടുകയുമായിരുന്നു.
ഇതിന് മുകളില്‍ സുരക്ഷക്കായി ഒരു വരി ഇഷ്ടിക മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. കിണറിന്റെ പാതി റോഡിന് വേണ്ടി എടുത്തിട്ടും കൈവരി കെട്ടാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവാത്തതാണ് പ്രശ്‌നത്തിന് കാരണം. റോഡും കിണറും വേര്‍തിരിക്കുന്ന തരത്തില്‍ മറകളോ ചുറ്റുമതിലോ ഇല്ലാത്തതാണ് അപകടം വര്‍ദ്ധിപ്പിക്കുന്നത്.
തിരിവിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതും വഴി വിളക്കുകള്‍ ഇല്ലാത്തതും രാത്രി കാലങ്ങളില്‍ കാല്‍നടകാര്‍ക്ക് ഭീഷണിയാണ്. രണ്ടര മീറ്റര്‍ മാത്രമാണ് ഈ റോഡിന്റെ വീതി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. പൗണ്ട് സെന്ററിലേക്ക് എത്താന്‍ ഉള്ള എളുപ്പമാര്‍ഗ്ഗമാണ് ഈ റോഡ്.
ഇതിനെതിരെ പഞ്ചായത്ത് അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.
















