ലണ്ടൻ: ബൈക്കിൽ ചെത്തിയടിക്കാൻ ഇഷ്ടമില്ലാത്താ ആരും തന്നെയുണ്ടാകില്ല. ബൈക്ക് സവാരി അത്രയ്‌ക്ക് രസകരമായ ഒന്നാണ്. ചിലർക്ക് ഏറെ ദൂരങ്ങൾ താണ്ടുന്നതിനോടാകാം, മറ്റു ചിലർക്ക് ചെറിയ യാത്രകളിലായിരിക്കാം കമ്പം. ഇത്തരത്തിൽ പതിറ്റാണ്ടുകൾ ബൈക്ക് സവാരി നടത്തുന്ന ചിലയാളുകൾ ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒരാൾ അടുത്തിടെ ലോകത്തോട് വിട പറഞ്ഞു. ബ്രിട്ടനിൽ നിന്നുമുള്ള 101 വയസുകാരനായ ജാക്ക് സ്റ്റെയേർസാണ് മരണമടഞ്ഞത്.
ചെറുപ്രായത്തിൽ തന്നെ ബൈക്ക് സവാരി നടത്തി തുടങ്ങിയ ആളാണ് ജാക്ക്. അതായത് 97 വർഷങ്ങൾക്ക് മുൻപ് തന്നെ ജാക്കിന് ബൈക്കുകളോടുള്ള താത്പര്യം തുടങ്ങിയിരുന്നു. പിന്നീട് അങ്ങോട്ട് ബൈക്ക് യാത്രകളായിരുന്നു ജാക്കിന്റെ ജീവിതം മുഴുവൻ. എഴുപത് വയസിനിടെ 10 തവണയാണ് ജാക്ക് തന്റെ ലൈസൻസ് പുതുക്കിയത്.
ഏഴ് വയസിൽ തന്റെ പിതാവ് ആദ്യമായി മോട്ടോർ ബൈക്കിലെത്തിയ സന്ദർഭം ജാക്ക് മരിക്കുന്നതിന് മുൻപ് ഓർമ്മിച്ചിരുന്നു. ഗ്രാമർ സ്കൂൾ വിദ്യാർത്ഥിയായിരുന്ന തനിക്ക് ആദ്യം വിശ്വസിക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് താൻ തന്നെ ബൈക്കിൽ സ്കൂളിലേക്ക് പോയപ്പോൾ മറ്റുള്ളവർ കൗതുകത്തോടെ വീക്ഷിച്ച് നിന്നത് ഇപ്പോഴും ഓർക്കുന്നുവെന്നും ജാക്ക് പറയുന്നു.
അടുത്തിടെ ഒരു ഇംഗ്ലീഷ് ടെലിവിഷൻ ചാനലിൽ ജാക്ക് തന്റെ ബൈക്ക് റൈഡിങിന്റെ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. തന്റെ നൂറ്റിഒന്നാമത്തെ വയസിലാണ് ജാക്ക് പരിപാടിയിൽ പങ്കെടുത്തത്. ‘100 ഇയർ ഓൾഡ് ഡ്രൈവിങ് സ്കൂൾ’ എന്നായിരുന്നു പരിപാടിയുടെ പേര്.
പഴയതും പുതിയതുമായ നിരവധി ബൈക്കുകൾ ഇതിനോടകം ജാക്ക് ഓടിച്ചിട്ടുണ്ട്. ചെറുപ്പകാലത്തെ അതെ ഊർജ്ജം തന്നെയാണ് തനിക്കും പ്രായമായപ്പോഴും ലഭിച്ചിരുന്നതെന്ന് ജാക്ക് വെളിപ്പെടുത്തുന്നു. തന്റെ യമഹ 125 സിസി സ്കൂട്ടറിൽ നഗരം ചുറ്റുന്ന തിരക്കിലായിരുന്നു ജാക്ക്. അടുത്ത വർഷം തന്റെ ലൈസൻസ് പുതുക്കുവാൻ ആഗ്രഹിക്കുന്നതിനിടയിലാണ് ജാക്ക് മരണം വരിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: