വേങ്ങര: ഉപതെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം ഏകദേശം വ്യക്തമായതോടെ പ്രചാരണം കൂടുതല്‍ ചൂടുപിടിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പര്യടനത്തിനൊപ്പം കുടുംബയോഗങ്ങളിലും കണ്‍വെന്‍ഷനുകളിലുമാണ് മുന്നണികള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.
ശക്തരായ സ്വതന്ത്രന്മാരോ വിമതന്മാരോ അപരന്മാരോ ഇല്ലാത്തത് മുന്നണികള്‍ തമ്മിലുള്ള പോരാട്ടത്തിന് കൂടുതല്‍ ശക്തി പകരുകയാണ്. എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ തമ്മിലാണ് പ്രധാനപോരാട്ടം.
മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ മത്സരത്തില്‍ നിന്ന് മാറി നിന്ന എസ്ഡിപിഐ വേങ്ങരയില്‍ രംഗത്തുണ്ട്. പക്ഷേ പ്രചാരണരംഗത്ത് പോലും ഒരു ചലനവും സൃഷ്ടിക്കാന്‍ അവര്‍ക്കായിട്ടില്ല.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന് മാസ്റ്റര്‍ ഇന്നലെ രാവിലെ ഊരകം, കുറ്റാളൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമാണ് പര്യടനം ആരംഭിച്ചത്. ഊരകം പഞ്ചായത്ത് ഓഫീസ്, കെ.എസ്.ഇ.ബി., മലബാര്‍ കോളേജ്, കോട്ടുമല എസ്.സി.കോളനി, ഊരകം പാറക്കണ്ണി തുടങ്ങിയ പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളേയും, കുടുംബയോഗങ്ങളിലും പങ്കെടുത്ത ശേഷം പറപ്പൂര് പഞ്ചായത്തിലെ ചെമ്മീന്‍ ചെരു കുമ്പാരക്കോളനി, വീണാലുങ്ങല്‍ കൃഷിഭവന്, കൂടാതെ വ്യാപാരി വ്യവസായി നേതാക്കളേയും സന്ദര്‍ശിച്ചു. സ്ഥാനാര്‍ത്ഥിയോടൊപ്പം ബി.ജെ.പി. സംസ്ഥാന സമിതി അംഗങ്ങളായ ടി.കെ.അശോക് കുമാര്‍, പി.ദേവീദാസ്, മണ്ഡലം പ്രസിഡന്റ് എ.സുബ്രഹ്മണ്യന്, പി.സുബ്രഹ്മണ്യന് എന്നിവര്‍ അനുഗമിച്ചു.
ഇന്ന് കണ്ണമംഗലം, എ.ആര്.നഗര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ പ്രമുഖ വ്യക്തികളേയും, സാമുദായിക സംഘടനാ നേതാക്കളേയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കും. കുന്നുംപുറം ലക്ഷംവീട് കോളനി, പി.എച്ച്.സി. എന്നിവ കൂടാതെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ട് എത്തി വോട്ട് അഭ്യര്‍ത്ഥിക്കും. കൂടാതെ എ.ആര്.നഗര്‍ പി.കെ.ഓഡിറ്റോറിയത്തില്‍വെച്ച് നടക്കുന്ന എ.ആര്.നഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനിലും, പൊട്ടിക്കല്ലില്‍ നടക്കുന്ന ഒതുക്കുങ്ങല്‍ പഞ്ചായത്ത് കണ്‍വെന്‍ഷനിലും പങ്കെടുക്കും. പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ യഥാക്രമം ബിജെപി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.ശിവരാജനും, മേഖലാ ജനറല്‍ സെക്രട്ടറി കെ.നാരായണനും ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: