വീല്‍ ചെയറിലിരുന്ന് ഈ പെണ്‍കുട്ടി കാണുന്ന സ്വപ്നങ്ങള്‍ക്ക് ഏറെ സൗന്ദര്യമുണ്ട്. അവളുടെ മനസ്സിന് ആ സ്വപ്നങ്ങളിലേക്ക് നടന്ന് അടുക്കാനുള്ള കരുത്തുമുണ്ട്. അടുത്ത മാസം പോളണ്ടില്‍ നടക്കുന്ന മിസ് വീല്‍ചെയര്‍ ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ പെണ്‍കുട്ടിയായിരിക്കും. പേര് ഡോ.രാജലക്ഷ്മി എസ്.ജെ. ബെംഗളൂരു സ്വദേശിനി. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ വേര്‍പാട്. ഡോ.ശോഭാമൂര്ത്തിയാണ് അമ്മ.
21-ാം വയസ്സിലാണ് ഒരപകടത്തെ തുടര്‍ന്ന് രാജലക്ഷ്മിയുടെ നട്ടെല്ലിന് ക്ഷതമേറ്റത്. 2007 ല്‍ തമിഴ്നാട്ടില്‍ ഒരു കോണ്ഫെറന്സില് പങ്കെടുക്കാന്‍ പോയപ്പോഴാണ് ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. നിരവധി ശസ്ത്രക്രിയകള്‍ നടത്തി. ഒന്നും വിജയിച്ചില്ല. രാജലക്ഷ്മിയുടെ ജീവിതം ചക്രക്കസേരയിലായി. പക്ഷെ മനസ്സ് തളര്‍ന്നില്ല.
അവള് തന്റെ സ്വപ്നങ്ങളെ പിന്തുടര്ന്നു. പല മേഖലകളില്‍ മികവ് തെളിയിക്കാന്‍ പ്രാപ്തയായി. ഡെന്റല്‍ ഡോക്ടറാണ് രാജലക്ഷ്മി. 2014 ല്‍ നടന്ന മിസ് വീല്‍ചെയര്‍ ഇന്ത്യ പെജന്റിലെ വിജയിയും ഈ പെണ്‍കുട്ടിയായിരുന്നു. 250 ലേറെ മത്സരാര്‍ത്ഥികള്‍ രാജ്യത്തെമ്പാടുനിന്നുമായി പങ്കെടുത്തു. സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചാണ് രാജലക്ഷ്മി റാമ്പിലെത്തിയത്.
മാസ്റ്റേഴ്സ് ഓഫ് ഡെന്റല്‍ സര്‍ജറിയില്‍ സ്വര്‍ണ മെഡലോടെയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. ബെംഗളൂരുവില്‍ എസ്ജെ ഡെന്റല്‍ സ്ക്വയര്‍ എന്ന പേരില്‍ ഡെന്റല്‍ ക്ലിനിക് നടത്തുന്നു.
ഇതുവരെ രണ്ട് വ്യത്യസത് ജീവിതം അനുഭവിക്കാന്‍ സാധിച്ചുവെന്നത് അനുഗ്രഹമാണെന്ന് രാജലക്ഷ്മി പറയുന്നു. പൂര്‍ണ്ണ ആരോഗ്യവതിയായുള്ള ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞ, ദാ ഇപ്പോള്‍ ജീവിക്കുന്ന ജീവിതം വരെ. സ്വയം തിരിച്ചറിയാനും മനസ്സിലാക്കാനുമുള്ള വഴിയെന്നാണ് രാജലക്ഷ്മിയുടെ വിലയിരുത്തല്‍.
ചക്രകസേരയിലാണ് എന്നു കരുതി തന്റെ സ്വപ്നങ്ങളെ വിട്ടുകളയാന്‍ തെല്ലും മനസ്സില്ല. ഡെന്റല്‍ സര്‍ജറിയില്‍ ബിരുദം നേടി. സൈക്കോളജിയും ഫാഷന്‍ ഡിസൈനിങും, വേദിക് യോഗയും പഠിച്ചു. 2015 ല്‍ നടന്ന ഓറിയോണ്‍ ഫാഷന്‍ വീക്കിലും തന്റെ സാന്നിധ്യം രാജലക്ഷ്മി അറിയിച്ചിരുന്നു. വീല്‍ചെയര്‍ ബാസ്കറ്റ് ബോളിലും വീല്‍ചെയര്‍ ഡാന്‍സിലും ഒക്കെ പങ്കെടുത്തിട്ടുണ്ട്.
എ ബോള്‍ഡ് വുമണ്‍ ഇന്‍ ഇന്ത്യ, എ പോസിറ്റീവ് ഹീറോ ആന്‍ഡ് എ വുമണ്‍ ഓഫ് സബ്സ്റ്റന്‍സ് എന്നീ സ്ഥാനങ്ങള്‍ നല്‍കിയാണ് രാജലക്ഷ്മിയെ ജനങ്ങള്‍ ആദരിച്ചത്. പാട്ടും ഡാന്‍സും ചിത്രരചനയും നീന്തലിലും എല്ലാം താല്പര്യമുണ്ട്. ഇതിനോടകം പത്തോളം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
അംഗപരിമിതര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ടത്രയില്ല എന്നതാണ് അവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് രാജലക്ഷ്മി പറയുന്നു. പരിമിതി എന്നതൊരു അവസ്ഥയാണ്. മാനസികവും ശാരീരികവുമായ പരിമിതികള്‍ ഉണ്ടാവാം. പക്ഷേ ശാരീരിക പരിമിതികള്‍ മാത്രമേ കാണാന്‍ സാധിക്കൂ- രാജലക്ഷ്മി പറയുന്നു.
നിങ്ങളുടെ ജീവിതം എങ്ങനെയാണോ അതിനെ സ്നേഹിക്കുക. ക്രമാനുഗതമായിക്കൊണ്ടിരിക്കുന്ന പ്രക്രിയയാണ് ജീവിതം. കഴിവുകള്‍ കണ്ടെത്തുക എന്നതാണ് പ്രധാനം. ഇതാണ് രാജലക്ഷ്മിക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: