പൂക്കോട്ടുംപാടം: ഗതാഗതക്കുരുക്കും അതിനെ ചൊല്ലിയുള്ള വാക്കേറ്റവും പൂക്കോട്ടുംപാടത്തെ സംഘര്‍ഷഭൂമിയാക്കുന്നു. ഇന്നലെ ഉച്ചക്ക് സ്വകാര്യബസിന് പിന്നില്‍ ലോറിയിടിച്ച് അപകടമുണ്ടായി. ബസ്സ് ജീവനക്കാരും ലോറിക്കാരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് പ്രശ്നത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ അടിപിടിയിലുമെത്തി കാര്യങ്ങള്‍. ഇത് ഏറെ നേരം ടൗണില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് പ്രശ്നം മധ്യസ്ഥതയില്‍ എത്തിച്ച് വാഹനങ്ങള്‍ പറഞ്ഞ് വിടുകയായിരുന്നു. ട്രാഫിക്ക് പോലീസ് സ്ഥലത്തിലില്ലാത്തതാണ് സംഘര്‍ഷത്തിനും കയ്യാങ്കളിക്കും ഇടയാക്കിയത്.
കാളികാവ് റോഡിലെ ബസ്സ് സ്റ്റോപ്പ് മാറ്റാന്‍ നടപടിയാകുന്നില്ല. ഈ ബസ് സ്റ്റോപ്പാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. കുറച്ച് നാള് മുമ്പ് പൂക്കോട്ടുംപാടം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി യോഗത്തില്‍ ബസ്സ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
ചുള്ളിയോട് റോഡും കാളികാവ് റോഡും സന്ധിക്കുന്ന സ്ഥലത്തായാണ് കാളികാവ് ഭാഗത്തേക്കുള്ള ബസ്സുകള്‍ ആളുകളെ കയറ്റി ഇറക്കുന്നത്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുമെന്നും ഇടുങ്ങിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ബസ്സ് സ്റ്റോപ്പില്‍ സാമൂഹിക വിരുദ്ധര്‍ വിലസുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. പൂക്കോട്ടുംപാടം എസ്ഐ സ്റ്റോപ്പ് പരീക്ഷണ അടിസ്ഥാനത്തില്‍ ഗ്രാമീണ ബാങ്കിന് സമീപത്തേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പും നല്കി. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: