കോട്ടയം: ഏറ്റവും ചെലവ് കുറഞ്ഞ ചികിത്സാ സമ്പ്രാദയമായ ഹോമിയോപ്പതിയുടെ പ്രോത്സാഹനത്തിനായി കുറിച്ചിയെ ഹോമിയോഗ്രാമമാക്കി വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. ആരോഗ്യം സംസ്ഥാന വിഷയം കൂടിയായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും പിന്തുണകൂടി ലഭിച്ചാല്‍ പദ്ധതി യാഥാര്‍ഥ്യമാകും.
കുറിച്ചി ഗ്രാമത്തില്‍ ദേശീയ പ്രാധാന്യമുള്ള മാനസികാരോഗ്യ ഗവേഷണ കേന്ദ്രം, എന്‍എസ്എസ് ഹോമിയോ കോളേജ്, ഗവ. ഹോമിയോ ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. ഒരു ഗ്രാമത്തില്‍ അടുത്തടുത്തായി മൂന്ന് ഹോമിയോ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതാണ് പദ്ധതിക്ക് കുറിച്ചിയെ തിരഞ്ഞെടുക്കാന്‍ കാരണമായി ഹോമിയോ വകുപ്പ് അധികൃതര്‍ പറയുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കുറിച്ചി ഗ്രാമത്തിന്റെ തന്നെ മുഖച്ഛായ തന്നെ മാറ്റപ്പെടും. കേന്ദ്ര ആയൂഷ് വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പദ്ധതിയ്‌ക്കായി രൂപരേഖ തയ്യാറാക്കുന്നത്.
കഴിഞ്ഞ മെയ് 27 ന് കേന്ദ്ര ആയൂഷ് വകുപ്പ് മന്ത്രി ശ്രീപാദ് നായിക് ദേശീയ ഹോമിയോ മാനസിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ ഹോമിയോ കേന്ദ്രത്തിന്റെ വളര്‍ച്ചയ്‌ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള മാനസിക ആരോഗ്യഗവേഷണ കേന്ദ്രം ആദ്യത്തേതയായിരുന്നു. കുറിച്ചിയെ ഹോമിയോ ചികിത്സയുടെ കേന്ദ്രമായി വളര്‍ത്തുന്നതില്‍ വിലപ്പെട്ട സംഭവാനകള്‍ നല്‍കിയ സ്വാമി ആതുരദാസിന് ഉചിതമായ സ്മാരകം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന പദ്ധതിയില്‍ ആതുരദാസിന് വെങ്കലത്തില്‍ തീര്‍ത്ത സ്മാരകം ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ അദ്ദേഹത്തിന്റെ ജീവചരിത്രവും തയ്യാറാക്കുന്നുണ്ട്.
കുറിച്ചിയെ ഹോമി ഗ്രാമമാകുന്നതോടെ അന്താരാഷ്ട തലത്തില്‍ തന്നെ ഹോമിയോ ചികിത്സയുടെ കേന്ദ്രമായി മാറും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹോമിയോപ്പതി ചികിത്സകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പഠന , ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമുണ്ടാകും. കൂടാതെ ഗവേഷണ ഫലങ്ങളുടെ കൈമാറ്റവും ഉണ്ടാകും.
ചികിത്സാ രീതികളുമായി ബന്ധപ്പെട്ട മ്യൂസിയങ്ങളും കുറിച്ചിയില്‍ സ്ഥാപിക്കും.
















