കൊച്ചി: ശുദ്ധമായ കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം ജില്ലയില്‍ ജലജന്യരോഗങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കി. മുന്‍വര്‍ഷങ്ങളേക്കാള്‍ ഇക്കുറി വയറിളക്കരോഗങ്ങളും മഞ്ഞപ്പിത്തവും വ്യാപകമായത് കുടിവെള്ളത്തിന് വൃത്തിയില്ലാത്തതിനാലായിരുന്നുവെന്നാണ് വിലയിരുത്തല്‍.
ജനുവരി മുതല്‍ ആഗസ്ത് വരെ ജില്ലയില്‍ 23,934 പേര്‍ക്ക് വയറിളക്കരോഗങ്ങള്പിടിപെട്ടു. മുന്‍വര്‍ഷം ഇത് 18,0671 ആയിരുന്നു.
ഈ വര്‍ഷം 90 പേര്‍ക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പിടിപെട്ടു. മുന്‍വര്‍ഷത്തേക്കാള്‍ 29 കേസുകള്‍ കൂടുതലാണ്. ശുദ്ധമായ കുടിവെള്ളം ഇനിയും ലഭ്യമാക്കിയില്ലെങ്കില്‍ ജലജന്യരോഗങ്ങള്‍ മുന്‍കാലങ്ങളിലേതിനേക്കാള്‍ ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിന് വേണ്ടത്ര ശുദ്ധിയില്ലെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. ക്ലോറിനേഷന് പലപ്പോഴും കാര്യമായി നടത്താറില്ല. ജലസംഭരണികള്‍ ശുചിയാക്കുന്ന കാര്യത്തിലും വീഴ്ചയുണ്ടാകാറുണ്ട്. ഇതും പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ കാരണമാകുന്നുണ്ട്.
കൂള്‍ ബാറുകളിലും ജ്യൂസ് ഷോപ്പുകളിലും ഉപയോഗിക്കുന്ന വൃത്തിയില്ലാത്ത ഐസും വെള്ളവും ജലജന്യരോഗങ്ങള്ക്കിടയാക്കിയിട്ടുണ്ട്. മിനറല്‍ വാട്ടര്‍ എന്ന പേരില്‍ കുപ്പികളിലെത്തുന്ന വെള്ളത്തിന്റെയും ശുദ്ധതയില്‍ സംശയമുണ്ട്. യാതൊരുവിധ പരിശോധനകളുമില്ലാതെയാണ് കുപ്പിവെള്ളത്തില്‍ ലേബല്‍ ഒട്ടിച്ച് വിപണിയിലെത്തുന്നത്.
പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി നേരത്തെ സേഫ് കേരള പദ്ധതിയില്‍ ആരോഗ്യവകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍, കുറച്ചുകാലമായി കാര്യമായ പരിശോധനകള്‍ നടക്കുന്നില്ല. ഇതും ജലജന്യരോഗങ്ങള്‍ കൂട്ടാനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: