പാലക്കാട്:പാലക്കാടിന്റെ കായിക സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്കിയ ഇന്‍ഡോര്‍ സ്റ്റേഡിയം നോക്കുകുത്തിയായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു.ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന ഉറപ്പില്‍ പണിതുടങ്ങി ഒന്പതുവര്ഷം കഴിഞ്ഞിട്ടും പാതിവഴിയിലാണ്.
ഇതുവരെ പത്തുകോടിയിലധികം രൂപ മുടക്കിയെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറയുമ്പോഴും ചിലവാക്കിയ തുകക്കുള്ള നിര്‍മ്മാണം നടന്നിട്ടില്ലെന്നാണ് ജനങ്ങളുടെ വാദം. രാത്രിയായാല്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണിത്.
ഓരോ ബജറ്റ് പ്രഖ്യാപനം വരുമ്പോഴും തുകവകയിരുത്തും അല്ലെങ്കില്‍ കിഫ്ബി മുഖേന നല്‍കുമെന്ന പതിവ് പല്ലവിയാണ് പാലക്കാടുകാര്‍ കേള്‍ക്കുന്നത്.
സ്പോര്‍ട്സ് കൗണ്‍സില്‍ വാഗ്ദാനം ചെയ്ത അഞ്ചുകോടിയില്‍ 50 ലക്ഷം മാത്രമാണ് നല്‍കിയത്. എംഎല്‍എ ഫണ്ടില്‍ നിന്ന് പാലക്കാട് എംഎല്‍എ ഒരുകോടി രൂപ നല്കിയിരുന്നുകഴിഞ്ഞ ബജറ്റിലും സര്‍ക്കാര്‍ അഞ്ചുകോടിരൂപ വകയിരുത്തിയിരുന്നു. മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ പാലക്കാടിന്റെ കായിക സ്വപ്നങ്ങള്‍ക്ക് താഴിടുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നിര്‍ദ്ദിഷ്ട പദ്ധതി അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് സിപിഎം റാലി നടത്തുകയും ഒരുലക്ഷം പേരുടെ ഒപ്പ് ശേഖരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സിപിഎം അധികാരത്തിലേറി ഒരുവര്‍ഷം പിന്നിട്ടിട്ടും ഇതുവരെയും പണി ആരംഭിച്ചിട്ടില്ലെന്നതാണ് സത്യാവസ്ഥ. ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ പണിആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: