പെരിന്തല്‍മണ്ണ: പൊതുസ്ഥലങ്ങളില്‍ മാലിന്യം തളളുന്നവരെ പിടികൂടാന്‍ ജാഗ്രതാ സമിതി വരുന്നു.
സ്ഥിരമായി മാലിന്യം തള്ളുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ട് എന്ന് പ്രത്യേകനാമകരണം ചെയ്ത് ഇവ ജനകീയമായി പിടിച്ചെടുത്ത് ഈ സ്ഥലങ്ങളില്‍ മനോഹരമായ പൂന്തോട്ടം നിര്‍മ്മിക്കുകയും നിരീക്ഷണകാമറകള്‍ സ്ഥാപിച്ച് സ്പോട്ടുകള്‍ പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തുന്ന പദ്ധതിക്ക് പെരിന്തല്‍മണ്ണയില്‍ തുടക്കം കുറിച്ചു.
നഗരസഭയില്‍ ഇത്തരത്തില്‍ 58 ഓളം ബ്ലാക്ക് സപോട്ടുകളാണുള്ളത്. ബ്ലാക്ക് സ്പോട്ട് പിടിച്ചെടുക്കലിന്റെ ഭാഗമായി ഒന്നാമത്തെ ബ്ലാക്ക് സ്പോട്ട് പിടിച്ചെടുക്കലും പൂന്തോട്ട നിര്‍മ്മാണവും 31-ാം വാര്‍ഡില്‍ മേലാത്ര-ജൂബിലി ലിങ്ക് റോഡില്‍ തുടക്കം കുറിച്ചു. ഇവിടെ പ്രത്യേകം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും ചെയ്തു.
നഗരസഭാ ചെയര്മാന് എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ നിഷി അനില്‍രാജ് അദ്ധ്യക്ഷയായി. സെക്രട്ടറി കെ.പ്രമോദ്, കൗണ്‍സിലര്‍മാരായ പത്തത്ത് ആരിഫ്, രതി അല്ലക്കാട്ടില്‍, അമ്പിളി മനോജ്, സഫീന, വന്ദന, സുന്ദരന്‍ വിജയന്, സുരേഷ്, എച്ച്.ഐ.കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ജീവനം ശുചിത്വ സുന്ദര ജൈവ നഗരം പദ്ധതിയുടെ ഭാഗമായാണ് പരിപാടി. 8000 വീടുകളില്‍ നിന്നും ആയിരത്തോളം വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പദ്ധതിയുടെ കീഴില്‍ മാലിന്യം ശേഖരിച്ച് വരുന്നു.
നഗരസഭയിലെ താമസക്കാര്‍ക്ക് അവരുടെ മാലിന്യം എവിടെയും വലിച്ചെറിയാതെ ശാസ്ത്രീയമായ സംസ്കരണത്തിനായി നഗരസഭയെ എല്പിക്കാനുള്ള എല്ലാവിധ സജ്ജീകരണവും എര്പ്പെടുത്തിട്ടുണ്ട്.
നഗരസഭയിലെ ഭൂരിപക്ഷം താമസക്കാരും ജീവനം പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ നഗരസഭക്ക് അകത്തും പുറത്തുമുള്ള ചില സാമൂഹ്യദ്രോഹികള്‍ രാത്രിയുടെ മറവില്‍ പൊതുസ്ഥലങ്ങളിലും ആള് താമസമില്ലാത്ത ഒഴിഞ്ഞ പറമ്പുകളിലും, മാലിന്യം തള്ളുന്നത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: